മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ച ഒരു കഥാപാത്രമായിരുന്നു സേതുരാമയ്യർ സിബിഐ. മമ്മൂട്ടി സേതുരാമയ്യറായി വീണ്ടുമെത്തുന്നു എന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. വേറിട്ട കുറ്റാന്വേഷണ രീതികളാണ് സേതുരാമയ്യർ സിനിമകളിലൂടെ എല്ലാവരും കണ്ടത്. എല്ലാവരെയും ആകാംക്ഷഭരിതരാക്കിയ ചിത്രങ്ങളായിരുന്നു കഴിഞ്ഞ നാലു പതിപ്പുകളും.
കഴിഞ്ഞ നാലു സിബിഐ സിനിമകളിലും പശ്ചാത്തലസംഗീതം ഒരുക്കിയത് ശ്യാം ആയിരുന്നു. എന്നാൽ സിബിഐ 5 ൽ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയ് ആണ്. ഫേസ്ബുക്കിലൂടെ ജേക്സ് ബിജോയ് തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. “ ശ്യാം സാർ ഒരുക്കിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ഐക്കോണിക് തീം മ്യൂസിക് വീണ്ടും ഒരുക്കാൻ സാധിച്ചത് ഏറ്റവും വലിയ അംഗീകാരമാണ്. സിബിഐ അഞ്ചാം ഭാഗത്തിൽ കെ മധു സാർ, എസ് എൻ സ്വാമി സാർ എന്നിവർക്കൊപ്പം വർക്ക് ചെയ്യാൻ ഞാൻ അക്ഷമനായി കാത്തിരിക്കുകയാണ്. ഈ മഹാമാരി എത്രയും വേഗം അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം. മമ്മൂക്ക സേതുരാമയ്യറായി വീണ്ടും സ്ക്രീനിൽ എത്തുന്നത് കാണാൻ ഞാൻ കാത്തിരിക്കുകയാണ് “.
അഞ്ചാം പതിപ്പിൻറ്റെ ഷൂട്ടിങ് ചിങ്ങം ഒന്നിന് ആരംഭിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. എറണാകുളം, തിരുവനന്തപുരം, ദില്ലി, ഹൈദരബാദ് എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ്. ചിത്രത്തിൻറ്റെ ആദ്യ ഘട്ട ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിക്കും. കെ മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ നാല് സിബിഐ സിനിമകളുടെയും തിരക്കഥ ഒരുക്കിയ എസ് എൻ സ്വാമി തന്നെയാണ് പുതിയ ചിത്രത്തിൻറ്റയും തിരക്കഥ എഴുതുന്നത്. മമ്മൂട്ടി, മുകേഷ് എന്നിവർക്കുപുറമേ ആശാ ശരത്, സായി കുമാർ, രഞ്ജി പണ്ക്കർ, സൌബിൻ ഷാഹിർ എന്നിവരും പുതിയ ചിത്രത്തിൽ ഉണ്ടാകും.
ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയവയായിരുന്നു നേരത്തെ ഇറങ്ങിയ നാലു പതിപ്പുകൾ. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു ഇവ. വീണ്ടും ഒരു ബോക്സ് ഓഫീസ് ഹിറ്റിനു കാത്തിരിക്കുകയാണ് ആരാധകർ.