CINEMA NEWS

നിഴലിലൂടെ ശ്രദ്ധേയനായ ഐസിൻ ഹാഷ് ഇനി ഹോളിവുഡിലേക്ക്

അപ്പു ഭട്ടതിരിപ്പാട് സംവിധാനം ചെയ്ത സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ചിത്രമാണ് നിഴൽ. കുഞ്ചാക്കോ ബോബനും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരമായ ഐസിൻ ഹാഷാണ്. നയൻതാരയുടെ മകനായാണ് ഐസിൻ ചിത്രത്തിൽ വേഷമിട്ടത്.

കുട്ടിക്കാലം മുതലേ പരസ്യചിത്രങ്ങളിലൂടെ താരമായി മാറിയ ഐസിൻ ആദ്യമായാണ് സിനിമയിൽ അഭിനയിക്കുന്നത്. ഐസിൻ അവതരിപ്പിച്ച നിഥിൻ എന്ന എട്ടു വയസ്സുകാരൻ പറയുന്ന കഥകളെ ചുറ്റിപ്പറ്റിയാണ് ചിത്രം നീങ്ങുന്നത്. നിഴൽ എന്ന സിനിമയിൽ ഐസിൻറ്റെ കഥാപാത്രത്തിനു ശബ്ദം നൽകിയതും ഐസിൻ തന്നെയാണ്. തൻറ്റെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ വളരെയധികം ശ്രദ്ധ നേടിയയാളാണ് ഈ കുട്ടിതാരം.

മലപ്പുറം സ്വദേശിയാണ് ഐസിൻ. എന്നാൽ ഇപ്പോൾ കുടുംബത്തോടൊപ്പം ദുബായിലാണ് താമസിക്കുന്നത്. ദുബായിൽ സോഷ്യൽ മീഡിയ മാനേജരായി ജോലി ചെയ്യുന്ന ഹാഷ് ജവാദിൻറ്റെയും അബുദാബിയിൽ മൈക്രോബയോളജിസ്റ്റായ നസീഹയുടെയും മകനാണ് ഐസിൻ. ദുബായിലെ ഒരു പരസ്യ മോഡലുകൂടിയായ ഐസിൻ ഇപ്പോൾ തൻറ്റെ ആദ്യ ഹോളിവുഡ് സിനിമയിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയാണ്. അമേരിക്കകാരനായ റെയാൻ ലാമെർ സംവിധാനം ചെയ്യുന്ന നോർത്ത് ഓഫ് ദി ടെൻ എന്ന സിനിമയിലൂടെയാണ് ഐസിൻറ്റെ ഹോളിവുഡ് അരങ്ങേറ്റം.

കോമഡി ജോണറിൽ ഒരുക്കുന്ന സിനിമയിൽ വ്യത്യസ്തമായ കഴിവുകളുള്ള 5 സുഹൃത്തുക്കളുടെ ജീവിതമാണ് ആവിഷ്കരിച്ചിരിക്കുന്നത്. ടെറൻസ് ജെ, ഡോൺ ബെഞ്ചമിൻ, മാറ്റ് റിഫ്, ടോസിൻ, വെസ്ലി ആംസ്ട്രോങ് എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിക്കാഗോ, അബുദാബി എന്നിവടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയിൽ അബുദാബി ഷെഡ്യൂളിലാണ് ഐസിൻ അഭിനയിച്ചിരിക്കുന്നത്.

അറുപതിലേറെ ഇംഗ്ലീഷ്, അറബിക് പരസ്യങ്ങളിൽ ഐസിൻ അഭിനയിച്ചിട്ടുണ്ട്. കിൻഡർ ജോയ്, ഫോക്സ് വാഗൺ, ലൈഫ്ബോയ്, നിഡോ, വാവെയ്, ഹെയിൽസ് തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യങ്ങളിലും ഐസിൻ അഭിനയിച്ചിട്ടുണ്ട്. ദുബായ്, അബുദാബി ഗവൺമെൻറ്റുകളുടെ പരസ്യങ്ങളിലൂടെയും ഐസിൻ ശ്രദ്ധ നേടിയിട്ടുണ്ട്.