MOLLYWOOD

പൃഥ്വിരാജിന് പിന്നാലെ സിനിമാ സംവിധാന രംഗത്തേക്ക് ചുവടുവെച്ച് ഇന്ദ്രജിത്തും

പൃഥ്വിരാജിന് പിന്നാലെ മലയാള സിനിമ സംവിധാന രംഗത്തേക്ക് ചുവടുവെച്ച് സഹോദരനും നടനുമായ ഇന്ദ്രജിത്ത് സുകുമാരൻ. സിനിമയുടെ തിരക്കഥ പൂർത്തിയായിട്ടുണ്ടെന്നും അടുത്ത വർഷത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് ഇന്ദ്രജിത്ത് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്
“എൻറ്റെ സംവിധാന സംരംഭം ഞാൻ പ്ലാൻ ചെയ്തുക്കൊണ്ടിരിക്കുകയാണ്. അതിൻറ്റെ തിരക്കഥാ രചനയിലാണ്. തിരക്കഥ പൂർത്തിയായി. പക്ഷേ അതിൽ കുറച്ച് തിരുത്തലുകളൊക്കെ വരുത്തിക്കൊണ്ടിരിക്കുകയാണ്. അതിൻറ്റെ ജോലി ഒന്ന്, രണ്ട് മാസത്തിനുള്ളിൽ തീരും. ഷൂട്ടിൽ നിന്ന് ഒരു ഇടവേള എടുത്തിട്ട് വേണം എനിക്ക് അതിനുവേണ്ടി ഇരിക്കാൻ. നമുക്ക് അറിയാമല്ലോ കുറേ കാലത്തിന് ശേഷമാണ് സിനിമയും തിയേറ്ററുകളുമൊക്കെ സജീവമായത്. കമ്മിറ്റ് ചെയ്ത പല സിനിമകളും പൂർത്തിയാക്കാനുണ്ട്. അതൊക്കെ തീർത്ത് മൂന്ന്, നാല് മാസം ഇടവേളയെടുത്ത് വർക്ക് ചെയ്തിട്ടുവേണം എനിക്ക് എൻറ്റെ സിനിമ തുടങ്ങാൻ. കുറച്ച് വലിയ സിനിമയാണ്. അത് ഉടനെയുണ്ടാവില്ല. പക്ഷേ അത് തീർച്ഛയായും 2023ൽ ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു. ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു സംവിധാന സംരംഭം തീർച്ചയായും എന്നിൽ നിന്ന് പ്രതീക്ഷിക്കാം” എന്ന് ഇന്ദ്രജിത്ത് വ്യക്തമാക്കി.
ആഹായാണ് ഏറ്റവും ഒടുവിലായി ഈ മാസം തിയേറ്ററുകളിൽ റിലീസ് ചെയ്ത ഇന്ദ്രജിത്തിൻറ്റെ സിനിമ. വടംവലി പ്രമേയമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിബിൻ പോൾ സാമുവലാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പിലും ശ്രദ്ധേയമായ വേഷത്തിൽ ഇന്ദ്രജിത്ത് ഉണ്ട്. തുറമുഖം, റാം, തീർപ്പ്, 19(1)(എ), അനുരാധ ക്രൈം നമ്പർ 59, 2019 എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള ഇന്ദ്രജിത്തിൻറ്റെ സിനിമകൾ.