CINEMA NEWS

‘ഹൃദയം’ തനിക്ക് വളരെ സ്പെഷ്യലാണെന്ന് കല്യാണി പ്രിയദർശൻ

ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് കല്യാണി പ്രിയദർശൻ. തെന്നിന്ത്യയിലും ഏറേ ആരാധകരുള്ള കല്യാണി ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയമാണ് ഇനി റിലീസ് കാത്തിരിക്കുന്ന കല്യാണിയുടെ ചിത്രം. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തെക്കുറിച്ചുള്ള കല്യാണിയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ‘ഹൃദയം’ തനിക്ക് വളരെ സ്പെഷ്യൽ ആണെന്നാണ് കല്യാണിയുടെ അഭിപ്രായം. അതിൻറ്റെ കാരണവും താരം വ്യക്തമാക്കിയിട്ടുണ്ട്.
“ അച്ഛൻറ്റെ സിനിമാ സെറ്റ് പോലെയായിരുന്നു എന്നെ സംബന്ധിച്ച് ഹൃദയം. വളരെ സ്പെഷ്യലാണ് എനിക്ക് ആ ചിത്രം. സെറ്റിൽ എല്ലാവരും എൻറ്റെ സുഹൃത്തുക്കളായിരുന്നു. ആദ്യമായിട്ടാണ് സെറ്റിൽ എല്ലാവരുടെയും പേരും അറിഞ്ഞ്, എല്ലാവരോടും ഇടപഴകി ഞാൻ അഭിനയിക്കുന്നത്. എപ്പോഴും എല്ലാവരും ഒരുമിച്ച് ഉണ്ടാവും. ആ ഒരു ബോണ്ടിങ്ങും കെമിസ്ട്രിയും സിനിമയിലും പ്രതിഫലിച്ചിട്ടുണ്ട് എന്നാണ് വിശ്വാസമെന്നും” കല്യാണി വ്യക്തമാക്കി.
അച്ഛൻറ്റെയും അമ്മയുടെയും ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ചും കല്യാണി വ്യക്തമാക്കി. അച്ഛൻ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് ചോദിച്ചാൽ കൃത്യമായി ഉത്തരം പറയാൻ തനിക്ക് സാധിക്കില്ല എന്നാണ് കല്യാണി പറയുന്നത്. ഏറ്റവും ആവർത്തിച്ച് കണ്ട സിനിമ ഏതാണെന്ന് ചോദിക്കുമ്പോഴേക്കും കുറേയുണ്ട് എന്നാണ് താരത്തിൻറ്റെ മറുപടി. എന്നാൽ പെട്ടന്ന് നാവിൽ വരുന്ന ചിത്രം തേൻമാവിൻ കൊമ്പത്ത് ആണ് എന്ന് കല്യാണി പറഞ്ഞു. അമ്മ ലിസിയുടെ ഏറ്റവും ഇഷ്ടമുള്ള ചിത്രം ഏതാണെന്ന് എന്ന ചോദ്യത്തിന് ഏറ്റവും ഇഷ്ടം ഇല്ലാത്ത സിനിമ അച്ഛൻ തന്നെ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമയാണെന്നും കല്യാണി വ്യക്തമാക്കി. വളരെ കുഞ്ഞായിരുന്നപ്പോൾ കണ്ടതാണ് ചിത്രം. അന്ന് ആ വേഷത്തെ ഇഷ്ടമല്ലാതായി. പിന്നെ എപ്പോഴും അത് ഇഷ്ടപ്പെടാത്ത ചിത്രത്തിൻറ്റെ ലിസ്റ്റിലായി എന്നും കല്യാണി വ്യക്തമാക്കി.