മലയാളത്തിൽ വൻ വിജയം നേടിയ ചിത്രമാണ് പ്രണവ് മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയം’. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിൻറ്റെ ഹിന്ദി റീമേക്ക് അവകാശം കരൺ ജോഹറിൻറ്റെ നിർമ്മാണ കമ്പനി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറ്റെ ഹിന്ദി റീമേക്കിൽ സേയ്ഫ് അലി ഖാൻറ്റെ മകൻ ഇബ്രാഹിം അലി ഖാൻ നായകനായി എത്തുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. വാർത്തകൾ ശരിയാണെങ്കിൽ ഇബ്രാഹിം അലി ഖാൻറ്റെ അരങ്ങേറ്റ ചിത്രമായിരിക്കും ഇത്.
സെയ്ഫ് അലി ഖാൻറ്റെയും ബോളിവുഡ് താരം അമൃത സിങ്ങിൻറ്റെയും ഇളയ മകനാണ് ഇബ്രാഹിം അലി ഖാൻ. ഇബ്രാഹിം അലി ഖാൻറ്റെ സഹോദരി സാറ അലി ഖാൻ ഇപ്പോൾ ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ്. 21കാരനായ ഇബ്രാഹിം അലി ഖാൻറ്റെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്തീഥീകരണമൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മെറിലാൻഡ് സിനിമാസിൻറ്റെ ബാനറിൽ വിശാഖ് സുബ്രമണ്യം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അജു വർഗ്ഗീസ്, അരുൺ കുര്യൻ, മീനാക്ഷി രവീന്ദ്രൻ, വിജയരാഘവൻ, ബൈജു സന്തോഷ്, ജോജോ ജോസ്, ആദർശ് സുകുമാരൻ, പ്രശാന്ത് നായർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. പാട്ടുകൾക്ക് ഏറേ പ്രാധാന്യമുള്ള ചിത്രമായിരുന്നു ഹൃദയം. ഏകദേശം 15 ഗാനങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.