CINEMA NEWS

റിലീസിനൊരുങ്ങി രശ്മിക മന്ദാനയുടെ ബോളിവുഡ് ചിത്രം ‘ഗുഡ്ബൈ’

രശ്മിക മന്ദാന നായികയായി എത്തുന്ന ബോളിവുഡ് ചിത്രം ഗുഡ്ബൈയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് സിനിമയുടെ അണിയറപ്രവർത്തകർ. ഒക്ടോബർ ഏഴിനാണ് ചിത്രത്തിൻറ്റെ റിലീസ്. തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. വികാസ് ബാഹ്ൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. അച്ഛനും മകളുമായാണ് അമിതാഭ് ബച്ചനും രശ്മികയും ചിത്രത്തിൽ എത്തുന്നത്.
ബാലാജി മോഷൻ പിക്ചേഴ്സ്, റിലയൻസ് എൻറ്റർടൈൻമെൻറ്റ്സ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഏക്ത കപൂറാണ് നിർമ്മിക്കുന്നത്. നീന ഗുപ്ത, സുനിൽ ഗോവർ, ഷിവിൻ,സഹിൽ മെഹ്ത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
അതേസമയം രശ്മികയുടെ ആദ്യ ബോളിവുഡ് ചിത്രമായ മിഷൻ മജ്നു ഈ വർഷം തന്നെ റിലീസിന് എത്തുന്നതാണ്. സിദ്ധാർത്ഥ് മൽഹോത്രയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. രൺബീർ കപൂർ നായകനായി എത്തുന്ന ആനിമൽ ആണ് രശ്മികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രം. സന്ദീപ് റെഡ്ഡി വാങ്ക ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അർജുൻ റെഡ്ഡി, കബീർ സിംഗ് എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനിമൽ. അനിൽ കപൂറും ബോബി ഡിയേളുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രണ്ട് താരങ്ങൾ. അടുത്ത വർഷം ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്നാണ് സൂചന.
ബ്രഹ്മാസ്ത്ര എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ള അമിതാഭ് ബച്ചൻ ചിത്രം. രൺബീർ കപൂറും ആലിയ ഭട്ടും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സെപ്റ്റംബർ 9നാണ് ചിത്രത്തിൻറ്റെ റിലീസ്.