CINEMA NEWS

തിയേറ്റർ റിലീസിനൊരുങ്ങി സൂര്യ നായകനായി എത്തുന്ന ‘എതർക്കും തുനിന്തവൻ’

സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് എതർക്കും തുനിന്തവൻ. ഇപ്പോഴിതാ ചിത്രത്തിൻറ്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. മാർച്ച് പത്തിനാണ് ചിത്രത്തിൻറ്റെ റിലീസ്. തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തുടർച്ചയായ രണ്ട് ഡയറക്ട് ഒടിടി റിലീസിന് ശേഷം തിയേറ്ററിൽ റിലീസിന് എത്തുന്ന സൂര്യയുടെ ചിത്രമാണ് എതർക്കും തുനിന്തവൻ. സൂര്യയുടെ കരിയറിലെ 40-ാമത്തെ ചിത്രമാണിത്.
സൂര്യയ്ക്ക് പുറമേ വിനയ് റായ്, സത്യരാജ്, രാജ്കിരൺ, ശരണ്യ പൊൻവണ്ണൻ, സൂരി, സിബി ഭുവനചന്ദ്രൻ, ദേവദർശിനി, എം എസ് ഭാസ്കർ, ജയപ്രകാശ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രിയങ്ക അരുൾ മോഹനാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പാണ്ടിരാജ് തന്നെയാണ് ചിത്രത്തിൻറ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പസങ്ക, ഇത് നമ്മ ആള്, നമ്മ വീട്ടു പിള്ളെ തുടങ്ങീ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പാണ്ടിരാജ്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൻറ്റെ ഛായാഗ്രഹണം ആർ രത്നവേലു, എഡിറ്റിംങ് റൂബൻ, സംഗീത സംവിധാനം ഡി ഇമ്മൻ തുടങ്ങിയവരും നിർവ്വഹിക്കുന്നു.
ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സൂര്യയുടെ രണ്ട് ചിത്രങ്ങളും ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര്, തസെ ജ്ഞാനവേൽ ഒരുക്കിയ ജയ് ഭീം എന്നിവയായിരുന്നു ഈ രണ്ട് ചിത്രങ്ങൾ. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രങ്ങൾ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് രണ്ട് ചിത്രത്തിനും പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. തിയേറ്ററുകളിലെ തുടർച്ചയായ പരാജയങ്ങൾക്കൊടുവിലാണ് ഈ രണ്ട് ചിത്രവും ഹിറ്റായത്. സൂര്യയുടെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.