GENERAL NEWS

തിരക്കഥ പൂർത്തിയായി, എമ്പുരാൻ അടുത്ത വർഷം തുടങ്ങുമെന്ന് പൃഥ്വിരാജ്.

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജിൻറ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫറിൻറ്റെ രണ്ടാം ഭാഗം എന്നതു തന്നെയാണ് ഇതിനു കാരണം. ചിത്രത്തെപ്പറ്റിയുള്ള ഓരോ അപ്ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേമികൾ സ്വീകരിക്കുന്നത്.

2019 ലാണ് ചിത്രത്തിൻറ്റെ രണ്ടാം ഭാഗം പ്രഖ്യാപിക്കുന്നത്. പൃഥ്വിരാജ് സംവിധാനം നിർവഹിച്ച ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയത്. ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്. മലയാളത്തിലെ ആദ്യത്തെ 200 കോടി ക്ലബ്ബ് ചിത്രം കൂടിയായിരുന്നു ലൂസിഫർ.

ഇപ്പോഴിതാ ചിത്രത്തിൻറ്റെ ഷൂട്ടിംഗിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പൃഥ്വിരാജിൻറ്റെ പുതിയ ചിത്രം ജനഗണമനയുടെ പ്രമോഷൻറ്റെ ഭാഗമായി നടന്ന ഒരു പരിപാടിയിൽ വച്ചാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എമ്പുരാൻറ്റെ തിരക്കഥ ഏകദേശം പൂർത്തിയായി എന്നാണ് താരം പറയുന്നത്. ആടുജീവിതത്തിന് ശേഷം കമ്മിറ്റ് ആയിട്ടുള്ള ഒരുപാട് ചിത്രങ്ങളുണ്ടെന്നും അതിൽ ഏറ്റവും പ്രാധാന്യം എമ്പുരാനാണെന്നും പൃഥ്വി പറയുന്നു. ഷൂട്ടിംഗ് ഈ വർഷം ആരംഭിക്കാൻ സാധ്യതയില്ലെന്നും 2023 ആദ്യത്തോടെ ഷൂട്ടിംഗ് ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു.
എമ്പുരാൻ ഒരു ബിഗ് ബജറ്റ് ചിത്രമാണോ എന്ന ചോദ്യത്തിന് അല്ല എന്നും അതൊരു സാധാരണ കൊമേഷ്യൽ ചിത്രം ആയിരിക്കും എന്നായിരുന്നു പൃഥ്വിയുടെ മറുപടി. എമ്പുരാനിൽ ദുൽഖറും ഉണ്ടാകുമെന്ന വാർത്തകൾ വരുന്നുണ്ടല്ലോ എന്നും ഇതിൽ സത്യമുണ്ടോ എന്നുമുള്ള ചോദ്യത്തിന് അത് ചിത്രം ഇറങ്ങുമ്പോൾ കാണാം എന്നായിരുന്നു പൃഥ്വിരാജിൻറ്റെ മറുപടി.

അതേസമയം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിൻറ്റെ തിരക്കുകളിലാണ് മോഹൻലാൽ. മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ നായകനായി എത്തുന്നതും. ഷാജി കൈലാസിൻറ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കടുവ, തീർപ്പ് എന്നിവയാണ് പൃഥ്വിരാജിന് പൂർത്തിയാക്കാനുള്ള മറ്റു ചിത്രങ്ങൾ.