CINEMA NEWS

റിലീസ് തിയതി പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്

ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിൻറ്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ്. ഇപ്പോഴിതാ സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചതിന് പിന്നാലെ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. നവംബർ 12നാണ് ചിത്രത്തിൻറ്റെ റിലീസ്.

ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നതിലുള്ള സന്തോഷം ദുൽഖറും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു. “പ്രയാസങ്ങളും പ്രതീക്ഷകളും നിറഞ്ഞ യാത്രയായിരുന്നു ഇത്. വർഷങ്ങൾ എടുത്ത് എഴുതിയ കഥയും ഏകദേശം ഒരു വർഷത്തോളം നീണ്ട ഷൂട്ടിംങും. ശേഷം മാസങ്ങളോളം നീണ്ടുനിന്ന പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും. ഒടുവിൽ കൊവിഡ് എന്ന മഹാമാരിയും വന്നു. കുറുപ്പ് വെളിച്ചം കാണുമോ എന്ന് സംശയിച്ച മാസങ്ങളുണ്ടായിരുന്നു. പക്ഷേ തിയേറ്റർ തുറക്കുന്നത് വരെ നിങ്ങളെല്ലാവരും തന്ന സ്നേഹവും കരുതലുമാണ് ഞങ്ങൾക്ക് ആ പ്രതിസന്ധി തരണം ചെയ്യാൻ കരുത്തായത്. കുറുപ്പിന് അതിൻറ്റേതായൊരു വിധിയുണ്ടായിരുന്നു. പുറത്തുവരാനുള്ള സമയമാവാതെ കുറുപ്പ് റിലീസ് ആവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇപ്പോൾ കുറുപ്പ് സ്വതന്ത്രമാവാനുള്ള സമയമായി കഴിഞ്ഞു. കുറുപ്പിന് നിങ്ങൾ ചിറകുകൾ നൽകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.”

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രത്തിൽ ശോഭിത ധൂലിപാലയാണ് നായിക. ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, സുരഭി ലക്ഷ്മി തുടങ്ങീ വൻതാരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 35 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം ദുൽഖറിൻറ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ്. വേഫെയർ ഫിലിംസും എം സ്റ്റാർ എൻറ്റർടൈൻമെൻറ്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.