CINEMA NEWS

ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്. ഒപ്പം പൂജ ഭട്ടും സണ്ണി ഡിയോളും.

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ആണ് ദുൽഖർ സൽമാൻ. നിരവധി ആരാധകരും താരത്തിന് ഉണ്ട്. ഇപ്പോൾ ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ബോളിവുഡ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ആർ ബാൽകി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സോഷ്യൽ മീഡിയയിലൂടെ ദുൽഖർ തന്നെ ആണ് ഈ സന്തോഷം പങ്കുവച്ചത്. ‘പ്രിയപ്പെട്ട താരം സണ്ണി ഡിയോളിനും ആർ ബാൽകിക്കും പൂജ ഭട്ടിനും ശ്രേയ ധന്വന്തരിക്കും ഒപ്പം ഒരുമിച്ചു വർക്ക് ചെയ്യാൻ കഴിയുന്നതിൽ വളരെയധികം ആകാംക്ഷയിലാണ് ഞാൻ. ഇത് ഒരു അനുഗ്രഹമായി ഞാൻ കാണുന്നു. കാത്തിരിക്കാൻ എനിക്ക് കഴിയുന്നില്ല’ എന്നാണ് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചത്.

ഒരു ത്രില്ലർ മൂവി ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദുൽഖറിനൊപ്പം പൂജ ഭട്ട്, സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 2022 ൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാനാണ് ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിൻറ്റെ ഷൂട്ടിംഗ് വൈകാതെ തന്നെ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ചിത്രത്തിൻറ്റെ പേരോ മറ്റു വിവരങ്ങളോ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

ദുൽഖർ സൽമാൻ നായകനായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം ആണ് ഇത്. കാർവാൻ, സോയ ഫാക്ടർ എന്നിവ ആയിരുന്നു ദുൽഖറിൻറ്റെ മറ്റു ബോളിവുഡ് ചിത്രങ്ങൾ.
നിരവധി മലയാളം, തമിഴ് ചിത്രങ്ങളാണ് ദുൽഖറിൻറ്റെ ഇനി പുറത്തിറങ്ങാനുള്ളത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിൻറ്റെ ജീവിതം പറയുന്ന കുറുപ്പ്, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് എന്നീ ചിത്രങ്ങളുടെ ചിത്രീകരണം ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. കൂടാതെ ദുൽഖറിൻറ്റെ ജന്മദിനത്തോട് അനുബന്ധിച്ച് നിരവധി ചിത്രങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.