ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം മൂന്നാം ഭാഗം. ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദൃശ്യം 3 ഉടൻ തന്നെ ആരംഭിക്കുമെന്നാണ് നിർമ്മാതാവ് ആൻറ്റണി പെരുമ്പാവൂർ അറിയിച്ചിരിക്കുന്നത്.
‘നിങ്ങൾ എല്ലാവാരും ദൃശ്യം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്ന് അറിയാം. അതൊരു രഹസ്യമാണ്. പിന്നീട് സംസാരിക്കാം’ എന്നാണ് മോഹൻലാൽ മുമ്പ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ചിത്രത്തിൻറ്റെ സംവിധായകൻ ജീത്തു ജോസഫും മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. ദൃശ്യം രണ്ടാം ഭാഗത്തിൻറ്റെ റിലീസുമായി ബന്ധപ്പെട്ടു നടന്ന ഒരു പത്രസമ്മേളനത്തിൽ ദൃശ്യം മൂന്നാം ഭാഗത്തിൻറ്റെ ക്ലൈമാക്സ് തൻറ്റെ പക്കൽ ഉണ്ടെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.
ഏതായാലും ദൃശ്യം 3 ഉണ്ടാകുമെന്ന് ഔദ്യോഗികമായി ഉറപ്പു നൽകിയിരിക്കുകയാണ് ആൻറ്റണി പെരുമ്പാവൂർ. ചിത്രം ഇപ്പോൾ പണിപ്പുരയിലാണെന്നും അദ്ദേഹം പറഞ്ഞു. 2013 ലാണ് ദൃശ്യം ആദ്യഭാഗം പുറത്തിറങ്ങുന്നത്. പിന്നീട് എട്ടു വർഷങ്ങൾക്കു ശേഷമാണ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൻറ്റെ ഇരുഭാഗങ്ങളും വലിയ വിജയമാവുകയും ചെയ്തു.
ചിത്രം ഇതിനോടകം തന്നെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലേക്ക് റീമേക്കും ചെയ്യപ്പെട്ടു.അതേസമയം പാൻ ഇന്ത്യൻ ചിത്രമായ ഋഷഭയുടെ തിരക്കുകളിലാണ് മോഹൻലാൽ ഇപ്പോൾ. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങി നാല് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. നന്ദ കിഷോർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ വി എസ് സ്റ്റുഡിയോസിൻറ്റെ ബാനറിൽ അഭിഷേക് വ്യാസ്, ശ്യാം സുന്ദർ, പ്രവീർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.