CINEMA NEWS

നായകൻ രൺവീറിൻറ്റെ അതേ പ്രതിഫലം ചോദിച്ചു. ബൻസാലി ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കി

ഗംഗുബായ് കത്തിയവാഡി എന്ന ചിത്രത്തിനു ശേഷം സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബൈജു ബാവ്ര. 1952 ൽ വിജയ് ഭട്ടിൻറ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മ്യൂസിക്കൽ റൊമാൻറ്റിക് ഡ്രാമയുടെ പുനരാവിഷ്ക്കാരം ആണ് ഈ ചിത്രം. രൺവീർ സിംഗിനെയും ദീപിക പദുക്കോണിനെയും ആണ് ചിത്രത്തിൽ നായികയും നായകനുമായി തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കി എന്ന വാർത്തയാണ് പുറത്തുവരുന്നത്.

ചിത്രത്തിൽ രൺവീറിനൊപ്പം തന്നെ പ്രതിഫലം ആവശ്യപ്പെട്ടതാണ് ദീപികയെ പുറത്താക്കാനുള്ള കാരണം. സിനിമയിൽ പ്രതിഫലത്തെ സംബന്ധിച്ച് നടക്കുന്ന ലിംഗവിവേചനങ്ങൾക്ക് എതിരെ പലപ്പോഴും പ്രതിഷേധിച്ച നടി കൂടിയാണ് ദീപിക പദുക്കോൺ. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരു നടി കൂടിയാണ് ദീപിക. സഞ്ജയ് ലീല ബൻസാലിയും ദീപികയും ഒന്നിച്ച പദ്മാവതിയിൽ ദീപികയുടെ പ്രതിഫലം 11 കോടി രൂപയായിരുന്നു.

ഇപ്പോൾ ഭർത്താവ് രൺവീറിനൊപ്പം തന്നെ പ്രതിഫലം വാങ്ങാൻ തനിക്കും യോഗ്യത ഉണ്ടെന്നാണ് ദീപിക പറയുന്നത്. പ്രതിഫലത്തെ സംബന്ധിച്ച വിവേചനങ്ങളെ കുറിച്ച് മുമ്പ് ദീപിക തുറന്നുപറയുക തന്നെ ചെയ്തിരുന്നു. ബോക്സ്ഓഫീസിൽ തുടരെ പരാജയം മാത്രമായിരുന്ന ചിത്രത്തിലെ നടന് തന്നെക്കാൾ ഉയർന്ന പ്രതിഫലം നൽകിയതു കൊണ്ട് ദീപിക ആ ചിത്രം വേണ്ടെന്ന് വച്ചിരുന്നു.

രാം ലീല, ബാജിറാവു മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങൾക്കു ശേഷം ബൻസാലിയും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടി ആയതിനാൽ ചിത്രം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പ്രതിഫലത്തിൻറ്റെ പേരിൽ നായികയെ ഒഴിവാക്കിയ വാർത്തകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ രാമായൺ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് കരീന കപൂർ 12 കോടി രൂപ ആവശ്യപ്പെട്ടെന്ന വാർത്തകളും വളരെ അധികം ചർച്ചയായിരുന്നു.