CINEMA NEWS

പ്രഭാസ് നായകനായി എത്തുന്ന പാൻ ഇന്ത്യൻ പ്രൊജക്ടിൽ നായികയായി ദീപിക പദുക്കോൺ

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ നായികയായി ദീപിക പദുക്കോൺ. പ്രൊജക്ട് കെ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൻറ്റെ ഷൂട്ടിംങ് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ആരംഭിച്ചു. ദീപികയുടെ കരിയറിലെ ആദ്യ തെലുങ്ക് ചിത്രമാണ് പ്രൊജക്ട് കെ. ബിഗ് ബജറ്റ് സയൻസ് ഫിക്ഷനായി ഒരുക്കുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മഹാനടി എന്ന ചിത്രത്തിന് ശേഷം വൈജയന്തി മൂവിസിൻറ്റെ ബാനറിൽ നാഗ് അശ്വിൻ ഒരുക്കുന്ന ചിത്രം പ്രഭാസിൻറ്റെ കരിയറിലെ 21-ാമത്തെ ചിത്രമാണ്. പ്രഖ്യാപനസമയം മുതൽ ആരാധകർ ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. ചിത്രത്തിൻറ്റെ യഥാർത്ഥ പേര് ഉടൻ പുറത്ത് വിടുമെന്നാണ് സൂചന. ഇന്ത്യൻ സിനിമയിലെ പ്രമുഖരെല്ലാം അണിനിരക്കുന്ന ചിത്രം കൂടിയായി മാറുകയാണ് പ്രഭാസിൻറ്റെ 21-ാം ചിത്രമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ഈ സിനിമ എല്ലാവർക്കും ഒരു ത്രില്ലിംഗ് അനുഭവം സമ്മാനിക്കുമെന്നും സിനിമയിൽ കാണിക്കുന്നതെല്ലാം പുതുമയുള്ളതും രസകരവുമായിരിക്കുമെന്ന് ചിത്രത്തെക്കുറിച്ച് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

സാങ്കൽപ്പിക മൂന്നാം ലോക മഹായുദ്ധത്തിൻറ്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രം റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. പ്രശസ്ത സംവിധായകനും നടനുമായ സിംഗീതം ശ്രീനിവാസ റാവു ആണ് ചിത്രത്തിൻറ്റെ ക്രിയേറ്റീവ് മെൻറ്റർ.രൺവീർ സിംങ് നായകനായി എത്തുന്ന 83 ആണ് റിലീസ് കാത്തിരിക്കുന്ന ദീപികയുടെ സിനിമ. ക്രിസ്മസ്സിനോട് അനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്.