Child Actor Izin Hash : കഴിഞ്ഞ മാസം തിയേറ്ററുകളിൽ റിലീസിനെത്തിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായിരുന്നു നിഴൽ. നയൻതാരയും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായെത്തിയത്. ഏപ്രിൽ ഒമ്പതിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മെയ് 11 ന് ചിത്രം ആമസോൺ പ്രൈമിൽ റിലീസിനെത്തുകയും ചെയ്തു. അപ്പു ഭട്ടതിരിയാണ് ചിത്രത്തിൻറ്റെ സംവിധായകൻ. ചിത്രത്തിൽ നയൻതാരയുടെ മകനായി അഭിനയിച്ച കുട്ടിയാണ് ഐസിൻ ഹാഷ്. തൻറ്റെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ വളരെയധികം ശ്രദ്ധ നേടിയിരിക്കുകയാണ് ഈ കുട്ടിതാരം.
ഐസിൻ അവതരിപ്പിച്ച നിഥിൻ എന്ന എട്ടു വയസ്സുകാരൻ പറയുന്ന കഥകളെ ചുറ്റിപ്പറ്റിയാണ് ചിത്രം നീങ്ങുന്നത്.മലപ്പുറം സ്വദേശിയാണ് ഐസിൻ. എന്നാൽ ഇപ്പോൾ കുടുംബത്തോടൊപ്പം ദുബായിലാണ് താമസിക്കുന്നത്. ദുബായിൽ സോഷ്യൽ മീഡിയ മാനേജരായി ജോലി ചെയ്യുന്ന ഹാഷ് ജവാദിൻറ്റെയും അബുദാബിയിൽ മൈക്രോബയോളജിസ്റ്റായ നസീഹയുടെയും മകനാണ് ഐസിൻ. ദുബായിലെ ഒരു പരസ്യ മോഡലുകൂടിയാണ് ഐസിൻ. കുട്ടിക്കാലം മുതലേ പരസ്യചിത്രങ്ങളിലൂടെ താരമായി മാറിയ ഐസിൻ ആദ്യമായാണ് സിനിമയിൽ അഭിനയിക്കുന്നത്.
ഇപ്പോൾ ഐസിനെക്കുറിച്ച് ആർജെ ഷാൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
“ ഐസിൻ നീ മനോഹരമായി ചെയ്തു. നിൻറ്റെ അച്ഛൻറ്റെ സിനിമ സ്വപ്നങ്ങൾ ഏറെ ഒക്കെ അറിയുന്ന അടുത്ത ചങ്ങാതിമാരിൽ ഒരാളാണു ഞാൻ. റേഡിയോയിൽ വർഷങ്ങളോളം ഞാനും നിൻറ്റെ അച്ഛനും ഒരുമിച്ചു ജോലി ചെയ്തു സിനിമ സ്വപ്നങ്ങൾ പങ്കുവച്ചും പൊട്ടാ കഥകൾ പറഞ്ഞും ചിലവഴിച്ചിട്ടുണ്ട്. അന്ന് നിൻറ്റെ അച്ഛൻറ്റെ കൂടെ ജോലി ചെയ്ത പലരും ഇന്ന് സിനിമയിൽ സംവിധായകരും എഴുത്തുകാരും അഭിനേതാക്കളും ആണ്. കഥകൾക്കിടയിൽ ഒരിക്കൽ നിൻറ്റെ അച്ഛൻ പറഞ്ഞു ഞാനും ഒരിക്കൽ സിനിമയിൽ എത്തുമെടാ. നിഴൽ എന്ന ചിത്രത്തിൽ നീ അഭിനയിച്ചു തുടങ്ങുന്നതിനു തലേ ദിവസം നിൻറ്റെ അച്ഛൻ വിളിച്ചിരുന്നു. മകൻറ്റെ ക്രെഡിറ്റിൽ ജീവിതത്തിൽ ആദ്യമായി സിനിമ സെറ്റിലെ പ്രൊഡക്ഷൻ ഫുഡ് കഴിക്കാൻ പോകുന്നു എന്ന അഭിമാനം പറയാൻ. ആ അഭിമാനത്തിൻറ്റെ പേരാണെടാ അച്ഛൻ. സ്നേഹത്തോടെ ഷാൻ അങ്കിൾ ”.
ഇതിനോടകം തന്നെ അറുപതിലേറെ ഇംഗ്ലീഷ്, അറബിക് പരസ്യങ്ങളിൽ ഐസിൻ അഭിനയിച്ചിട്ടുണ്ട്. കിൻഡർ ജോയ്, ഫോക്സ് വാഗൺ, ലൈഫ്ബോയ്, നിഡോ, വാവെയ്, ഹെയിൽസ് തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യങ്ങളിലും ഐസിൻ അഭിനയിച്ചിട്ടുണ്ട്. ദുബായ്, അബുദാബി ഗവൺമെൻറ്റുകളുടെ പരസ്യങ്ങളിലൂടെയും ഐസിൻ ശ്രദ്ധ നേടിയിട്ടുണ്ട്. നിഴൽ എന്ന സിനിമയിൽ ഐസിൻറ്റെ കഥാപാത്രത്തിനു ശബ്ദം നൽകിയതും ഐസിൻ തന്നെയാണ്. പിതാവ് ഹാഷ് ജവാദിൻറ്റെ ഒരു സുഹൃത്ത് വഴിയാണ് നിഴലിലേക്കെത്തുന്നത്. സൂം കോൾ വഴിയാണ് ഓഡിഷനിൽ പങ്കെടുത്തത്. അങ്ങനെ നൂറുകണക്കിന് കുട്ടികളിൽ നിന്നാണ് ഐസിനെ തിരഞ്ഞെടുക്കുന്നത്.