ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. മോഹൻലാലും പൃഥ്വിരാജും ചേർന്ന് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ ആണ് പോസ്റ്റർ പുറത്തിറക്കിയത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്ട് റിലീസ് ആയിരിക്കും ചിത്രമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഫസ്റ്റ് ലുക്കിനൊപ്പം ഇക്കാര്യവും സ്ഥിതീകരിച്ചിട്ടുണ്ട്. എന്നാൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ വൻതാരനിരയാണ് അണിനിരക്കുന്നത്. മോഹൻലാലിനും പൃഥ്വിരാജിനും പുറമേ മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, ജഗദീഷ്, മുരളി ഗോപി, കനിഹ, സൌബിൻ സാഹിർ, ഉണ്ണി മുകുന്ദൻ, കാവ്യ ഷെട്ടി, മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള ഒരു കുടുംബ ചിത്രമാണ് ബ്രാ ഡാഡി. മൂന്നു സുഹൃത്തുക്കളുടെ കഥ ആണ് ചിത്രത്തിലൂടെ പറയുന്നത്. ഇത് ഒരു ഫൺ ഫാമിലി ചിത്രമാണെന്ന് പൃഥ്വിരാജും നേരത്തെ പറഞ്ഞിരുന്നു. ശ്രീജിത്തും ബിബിനും ചേർന്നാണ് ബ്രോ ഡാഡിയുടെ തിരക്കഥ ഒരുക്കുന്നത്.
അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹൻ. കലാസംവിധാനം മോഹൻദാസ്. ഓഡിയോഗ്രഫി രാജാകൃഷ്ണൻ എം ആർ. വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ. സ്റ്റിൽസ് സിനറ്റ് സേവ്യർ. ഫസ്റ്റ് ലുക്ക് ഡിസൈൻ ഓൾഡ് മങ്ക്സ്. അസോസിയേറ്റ് ഡയറക്ടർ വാവ. പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. പബ്ലിസിറ്റി ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ.