CINEMA NEWS

ലൂസിഫർ തെലുങ്ക് റീമേക്കിൽ ബോബിയായി എത്തുന്നത് ബിജു മേനോൻ? ഔദ്യോഗിക പ്രഖ്യാപനം കാത്ത് ആരാധകർ

മോഹൻലാലിനെ നായകനാക്കി നടൻ പൃഥിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. മലയാളത്തിൽ വൻ വിജയം നേടിയ ചിത്രം തെലുങ്കിലും റീമേക്ക് ചെയ്യുന്നതായി നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. ഗോഡ്ഫാദർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മോഹൻ രാജയാണ്. റീമേക്ക് അവകാശം വാങ്ങിയ ചിരഞ്ജീവി തന്നെയാണ് തെലുങ്കിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാമത്തെ ചിത്രമാണ് ഇത്.

ഇപ്പോഴിതാ ചിത്രത്തിലെ പ്രതിനായക കഥാപാത്രമായിരുന്ന ബോബിയെ അവതരിപ്പിക്കുന്നത് ബിജു മേനോനാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മലയാളത്തിൽ വിവേക് ഒബ്റോയിയാണ് ബോബിയായി വേഷമിട്ടത്. നേരത്തെ തെലുങ്ക് പതിപ്പിലും വിവേക് ഒബ്റോയി തന്നെയാണ് ബോബിയെ അവതരിപ്പിക്കുന്നതെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വിവേക് ഒബ്റോയി തെലുങ്ക് റീമേക്കിൽ താൽപര്യം കാണിച്ചില്ലെന്നും വിവേക് ഒബ്റോയിക്ക് പകരം നടൻ റഹ്മാൻ ഈ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ബിജു മേനോനാണ് ബോബിയായി വേഷമിടുന്നതെന്നാണ് പുതിയ വാർത്ത. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥീകരണമൊന്നും ഇതുവരെയും വന്നിട്ടില്ല.

മോഹൻലാലിന് പുറമേ പൃഥിരാജ്, മഞ്ചു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, നൈല ഉഷ, ബൈജു സന്തോഷ് തുടങ്ങി നിരവധി താരങ്ങളും അണിനിരന്ന ചിത്രമാണ് ലൂസിഫർ. തെന്നിന്ത്യൻ താരം തൃഷയാണ് ചിത്രത്തിൽ പ്രിയദർശിനി രാംദാസായി വേഷമിടുന്നത്. എന്നാൽ ചിത്രത്തിൻറ്റെ തെലുങ്ക് പതിപ്പിലെ മറ്റ് താരങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. തെലുങ്ക് പ്രേക്ഷകരെ മുന്നിൽക്കണ്ട് ചിത്രത്തിൻറ്റെ തിരക്കഥയിൽ മാറ്റം വരുത്തിയാണ് റീമേക്ക് ഒരുക്കുന്നത്. ഈ മാസം തന്നെ ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.