CINEMA NEWS

ആർക്കറിയാം മൂവിയിലെ ഇട്ടിയവിരെക്കുറിച്ച് ബിജു മേനോൻ | Biju menon in aarkkariyam movie

Biju menon in aarkkariyam movie :സാനു ജോൺ വർഗ്ഗീസ് സംവിധാനം ചെയ്ത പുതിയ ചിത്രം ആർക്കറിയാം തിയേറ്റർ റിലീസിന് ശേഷം ഒടിടി പ്ലാറ്റ് ഫോമിലും റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ബിജു മേനോൻ, ഷറഫുദ്ദീൻ, പാർവ്വതി തിരുവോത്ത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എഴുപത്തിയഞ്ച് വയസ്സുകാരൻ ഇട്ടിയവര എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റർ റിലീസ് ചെയ്തപ്പോൾ തന്നെ ഈ കഥാപാത്രം ഏറേ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ആ കഥാപാത്രം തിരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ബിജു മേനോൻ. “ കഥ കേൾക്കുമ്പോൾ 40 വയസ്സുള്ള റോയി എന്ന കഥാപാത്രത്തിന് പിന്നാലെയായിരുന്നു എൻറ്റെ മനസ്സ്. കഥ കേട്ട ശേഷം ഇട്ടിയവിര എന്ന കഥാപാത്രമാണ് എനിക്ക് എന്നറിഞ്ഞതോടെ പത്തെഴുപത്തഞ്ചു വയസ്സുള്ള കഥാപാത്രത്തെ ഞാൻ ചെയ്താൽ ശരിയാകുമോ എന്നായിരുന്നു സംശയം. സംയുക്തയോട് ഈ കാര്യം പറഞ്ഞപ്പോൾ റിസ്ക് എടുക്കണോ അൽപമൊന്നു പാളിപ്പോയാൽ പ്രശ്നമാകില്ലേ ? എന്നായിരുന്നു മറുപടി. സിനിമയുടെ ചർച്ചകൾക്കിടയിൽ അപ്രതീക്ഷിതമായി കൈയ്യിൽ കിട്ടിയ അച്ഛൻറ്റെ ചിത്രത്തിൽ നിന്നുമാണ് ഈ സിനിമയിലേക്കുള്ള കഥാപാത്രത്തിൻറ്റെ രൂപം സ്കെച്ച് ചെയ്തെടുത്തത്. അച്ഛനെയാണ് ഞാൻ ഇതിൽ മാതൃകയാക്കിയത്. സിനിമയിൽ ചെയ്ത പല കാര്യങ്ങളിലും അച്ഛൻറ്റെ റെഫറൻസ് ഉപയോഗിച്ചിട്ടുണ്ട്. സിനിമ കണ്ടശേഷം സംയുക്തയുടെ ഏട്ടന്മാരും ഏട്ടത്തിമാരുമൊക്കെ പറഞ്ഞത് അച്ഛനെ പറിച്ച് വെച്ചത് പോലുണ്ടന്നാണ്. ഇട്ടിയവര വിരമിച്ച കണക്ക് മാഷാണ്. എഴുപതിലേറേ പ്രായമുള്ള കഥാപാത്രമാണ്. പാലായിലെ സുറിയാനി ക്രിസ്ത്യാനി. ഇതൊക്കെ വളരെ കൃത്യമായി കഥാപാത്രത്തിൽ ഉണ്ടാകണം. ആദ്യമായാണ് ഇത്തരമൊരു കഥാപാത്രം. സിങ്ക് സൌണ്ട് ആയതിനാൽ ഡയലോഗ് ഡെലിവറി അടക്കം പാലാ സ്ലാങ്ങും ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. വളരെ ചെറിയ കഥാപാത്രങ്ങൾ ചെയ്തവർ വരെ മനസ്സറിഞ്ഞാണ് അഭിനയിച്ചത് ആ സത്യസന്ധതയാണ് ചിത്രത്തിൻറ്റെ പ്രത്യേകത. “

ചിത്രത്തിൽ റോയി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഷറഫുദ്ദീനാണ്. ഷേർലിയായാണ് പാർവ്വതി ചിത്രത്തിൽ വേഷമിടുന്നത്. സൈജു കുറുപ്പ്, ആര്യ സലിം, ജേക്കബ് ജോർജ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അരുൺ ജനാർദ്ദനൻ, രാജേഷ് രവി, സനു ജോൺ വർഗ്ഗീസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറ്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജി ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം.