Bigg Boss 3 Malayalam Suspended : ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത് ബിഗ് ബോസ് മലയാളം സീസൺ 3 അവസാനിച്ചു എന്ന വാർത്തയാണ്. വളരെ വാശിയോടെ നടന്നുകൊണ്ടിരുന്ന ബിഗ് ബോസ് സീസൺ 3 അവസാന ഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് ഈ സങ്കടകരമായ വാർത്ത അറിയുന്നത്. കൊവിഡിനെ തുടർന്നാണ് നടപടി. മത്സരാർത്ഥികളെ സുരക്ഷിതരായി ബിഗ് ബോസ് ഹൌസിൽ നിന്നും മാറ്റി.
ഇന്നലെ ടിക്കറ്റ് ടു ഫിനാലെയിലെ രണ്ടാം ദിവസമായിരുന്നു. ബ്ലോക് ഉപയോഗിച്ച് ടവർ നിർമ്മിക്കുക, അതോടൊപ്പം മറ്റ് മത്സരാർത്ഥികളുടെ ടവർ, പന്ത് ഉപയോഗിച്ച് എറിഞ്ഞ് വീഴ്ത്തുക എന്നതായിരുന്നു ആദ്യത്തെ ടാസ്ക്ക്. ടവറിൻറ്റെ മാതൃക നൽകിയിരുന്നു. ബസ്സർ അടിക്കുമ്പോൾ ആരുടെ ടവറിനാണോ പൊക്കക്കുറവ് അവർ ആയിരുന്നു പുറത്ത് പോകുന്നത്. ആദ്യത്തെ ഘട്ടത്തിൽ റിതുവാണ് പുറത്ത് പോയത്. രണ്ടാം ഘട്ടത്തിൽ മണിക്കുട്ടനും നോബിയും പുറത്തായി. മൂന്നാം ഘട്ടത്തിൽ അനൂപാണ് പുറത്തായത്. അവസാന ഘട്ടത്തിൽ , ഏറ്റവും കൂടുതൽ കട്ട ശേഖരിച്ച് , തന്നിരിക്കുന്ന മാതൃകയിൽ ഏറ്റവും ഉയരത്തിൽ ടവർ നിർമ്മിക്കുന്ന ആളാണ് വിജയി. അതോടൊപ്പം ഒരു ചുവന്ന കട്ടയും നൽകിയിരുന്നു. അത് കൈവശപ്പെടുത്തുന്ന വ്യക്തിക്ക് 3 പോയിൻറ്റുകൾ ലഭിക്കും. ഡിംബലിനാണ് ആ ബ്ലോക്ക് ലഭിച്ചത്. ടാസ്ക്ക് അവസാനിച്ചപ്പോൾ 8 പോയിന്റുകളുമായി റംസാൻ ഒന്നാം സ്ഥാനത്തെത്തി. 5 പോയിന്റുകളാണ് ഡിംബലിന് കിട്ടിയത്. എന്നാൽ, ചുവന്ന ബ്ലോക്കിൻറ്റെ പോയിൻറ്റുകളും ചേർത്ത് 8 പോയിൻറ്റുകളുമായി ഡിംബലും റംസാനൊപ്പമെത്തി. ഏറ്റവും പുറകിൽ നിൽക്കുന്നത് റിതുവാണ്.
രാത്രിയിൽ മറ്റൊരു ടാസ്കും ഉണ്ടായിരുന്നു. കുഴൽപ്പന്ത് 2.0 . കുഴലിലൂടെ പന്ത് ഇട്ടിട്ട് എതിർ വശത്ത് വന്ന് അത് പിടിക്കുക എന്നതായിരുന്നു ടാസ്ക്ക്. ബസ്സർ അടിക്കുന്നതു വരെ മത്സരാർത്ഥികൾ മാറി മാറി ഇത് ചെയ്യണമായിരുന്നു. ഇതിൽ അവർ വിജയിച്ചാൽ നിലവിലുള്ള പോയിൻറ്റുകളുടെ കൂടെ ഓരോ പോയിൻറ്റ് വീതം എല്ലാവർക്കും ലഭിക്കും. രണ്ടുപേർ അടങ്ങുന്ന ഗ്രൂപ്പായാണ് മത്സരിക്കേണ്ടത്. ആർക്കെങ്കിലും പന്ത് പിടിക്കാൻ കഴിയാതെ വന്നാൽ അപ്പോൾ തന്നെ ടാസ്ക് അവസാനിപ്പിക്കും. റിതുവും സായിയും ആയിരുന്നു ഒരു ഗ്രൂപ്പ്. എന്നാൽ റിതുവിന് പന്ത് പിടിക്കാൻ സാധിച്ചില്ല. അങ്ങനെ കുഴൽപ്പന്ത് 2.0 അവിടെ അവസാനിച്ചു. എല്ലാവരും വളരെ സങ്കടത്തിലായി. എല്ലാവരുടെയും വ്യക്തിഗത പോയിൻറ്റുകളിൽ നിന്ന് ഓരോ പോയിൻറ്റ് വീതം കുറയുകയും ചെയ്തു. രണ്ട് ദിവസത്തെ ടാസ്ക്കുകളുടെ പോയിൻറ്റുകൾ വച്ച് നോക്കുമ്പോൾ ടിക്കറ്റ് ടു ഫിനാലെയിൽ മുന്നിൽ നിൽക്കുന്നത്, 15 പോയിന്റുകളുമായി ഡിംബലും റംസാനുമാണ്. 3 പോയിന്റുകളുമായി റിതുവാണ് ഇപ്പോൾ പിന്നിൽ നിൽക്കുന്നത്.
കഴിഞ്ഞ സീസണിലും ബിഗ് ബോസ് പകുതി വെച്ച് നിർത്തിയിരുന്നു. ഈ സീസണിലെ ഫിനാലെ എങ്കിലും കാണണം എന്ന ആഗ്രഹത്തിലായിരുന്നു ആരാധകർ. ബിഗ് ബോസ് നിർത്തി എന്ന വാർത്ത അവരെ സങ്കടത്തിലാക്കിയിരിക്കുകയാണ്.