നാല് പതിറ്റാണ്ടോളമായി മലയാള സിനിമ രംഗത്ത് സജീവമായ നായികയാണ് രേവതി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച രേവതി ഇപ്പോഴിതാ തൻറ്റെ പുതിയ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരിക്കുകയാണ്. ഭൂതകാലം എന്ന ചിത്രത്തിലൂടെയാണ് രേവതി വീണ്ടും തൻറ്റെ അഭിനയമികവ് തെളിയിച്ചിരിക്കുന്നത്. വിഷാദരോഗിയായ ആശ എന്ന കഥാപാത്രമായാണ് രേവതി ചിത്രത്തിൽ വേഷമിട്ടത്. ഇപ്പോഴിതാ ചിത്രത്തിലെ തൻറ്റെ കഥാപാത്രത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് രേവതി. “ ഭൂതകാലത്തിൻറ്റെ കഥാപാത്രം വളരെ സങ്കീർണ്ണമായ ഒന്നാണ്. ഇതാണ് അവൾ എന്ന് ഒറ്റവരിയിൽ പറയാൻ പറ്റില്ല. സംവിധായകൻ രാഹുലിൻറ്റെ അടുത്ത് ഒരുപാട് തവണ ഞാൻ ആ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ആരാണ് ആശ? എന്ന് ചോദിച്ച് കൊണ്ടേയിരുന്നു. രാഹുലിൻറ്റെ മനസ്സിൽ ആശ വളരെ വ്യക്തതയോടെ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് ആശയെ മനസ്സിലാവാൻ കുറച്ച് സമയമെടുത്തു.”
ഭൂതകാലത്തിലെ അഭിനേതാക്കളെപ്പറ്റിയും രേവതി വ്യക്തമാക്കി “ഒരു സിനിമ തെരഞ്ഞെടുത്തു കഴിഞ്ഞാൽ ആദ്യം തന്നെ ചിത്രത്തിൻറ്റെ സംവിധായകൻ, ക്യാമറാമാൻ, ഒപ്പം അഭിനയിക്കുന്നവർ എന്നിവരൊക്കെ ആയി കണക്ട് ചെയ്യാനും കംഫർട്ടബിൾ ആവാനും ഞാൻ ശ്രമിക്കും. ആദ്യ രണ്ട് ദിവസങ്ങളിലെ എൻറ്റെ ശ്രമം അതാണ്. എന്നാൽ ചില പടങ്ങളിൽ ആ കണക്ഷൻ സംഭവിക്കുകയേ ഇല്ല. അപ്പോൾ ഞാൻ എൻറ്റെ വഴിയേ ചെയ്യും. പക്ഷേ ഇവിടെ ഈ ചിത്രത്തിൽ രാഹുലാവട്ടെ, ഷെയ്ൻ ആവട്ടെ, ഡിഒപി ആവട്ടെ അവരുമായുള്ള കണക്ഷൻ മനോഹരമായിരുന്നു. ഷെയ്നിനെക്കുറിച്ച് പറയുകയാണെങ്കിൽ ചില സീനുകളിൽ ഞങ്ങൾ അക്ഷരാർത്ഥത്തിൽ അമ്മയും മോനും എന്ന രീതിയിലാണ് പെരുമാറിയത്. ചില സീനുകളിൽ ഷെയ്നിനോട് ഞാൻ പ്രതികരിക്കുക ചെയ്യുക മാത്രമാണ് ചെയ്തത്. ചില സീനുകളിൽ ഷെയ്ൻ അപ്പർഹാൻഡ് എടുക്കും ചിലപ്പോൾ ഞാനാവും. ഞങ്ങളുടെ ഒരു ബാലൻസിംഗ് വളരെ മനോഹരമായിരുന്നു. ഷെയ്നിന് ക്യാമറയുടെ മുൻപിൽ വരുമ്പോൾ ഒരു ഇൻഹിബിഷനുമില്ല എന്നും രേവതി വ്യക്തമാക്കി.