CINEMA NEWS

‘മലയാളത്തിൽ കുറച്ച് കാലത്തേക്ക് സിനിമകൾ ചെയ്യുന്നില്ല ‘കാരണം വ്യക്തമാക്കി ഭാവന

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ഏറേ ആരാധകരുള്ള ഒരു താരമാണ് ഭാവന. 2002ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിച്ചേർന്ന ഭാവന തുടർന്ന് മലയാളത്തിലും, തമിഴിലും, കന്നടയിലുമെല്ലാം നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും കുറേ നാളായി മലയാള സിനിമയിൽ അത്രയധികം സജീവമല്ല ഭാവന. 2017ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ആദം ജോണിൽ ആണ് ഭാവന ഏറ്റവും ഒടുവിൽ അഭിനയിച്ചത്. പിന്നീട് മലയാള സിനിമയിൽ എത്തിയില്ലെങ്കിലും കന്നഡ സിനിമയിൽ സജീവമാണ് ഭാവന. ഭജഗംരി 2 എന്ന കന്നഡ ചിത്രമാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഭാവനയുടെ ചിത്രം.
ഇപ്പോഴിതാ മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതിൻറ്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. ഒടിടി പ്ലേയുമായുള്ള അഭിമുഖത്തിലാണ് ഭാവന ഈ കാര്യം വ്യക്തമാക്കിയത്. മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നത് ബോധപൂർവ്വമാണെന്നാണ് ഭാവന പറയുന്നത്. “എൻറ്റെ തീരുമാനമാണ് മലയാള സിനിമകൾ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അതെൻറ്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോൾ കന്നഡയിൽ മാത്രം കേന്ദ്രീകരിച്ച് സിനിമകൾ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഭാവന വ്യക്തമാക്കി. റീലീസ് ചെയ്യാനിരിക്കുന്ന കന്നഡ സിനിമകളിൽ ഏറ്റവും അവസാനത്തേതാണ് ഭജരംഗി 2. നിലവിൽ പുതിയ സിനിമകൾ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ല” എന്നും ഭാവന പറഞ്ഞു.
സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാണ് ഭാവന. തൻറ്റെ പുതിയ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി ഭാവന പങ്കുവെയ്ക്കാറുണ്ട്. കൂടാതെ നടിയുടെ ഫോട്ടോഷൂട്ടുകളും ചിത്രങ്ങളുമെല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. ഭാവനയുടെ പുതിയ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.