MOLLYWOOD

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങി ഭാവന

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തി ഭാവന. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ആഷിക് അബു തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. “സുഹൃത്തുക്കൾ തമ്മിൽ കൂടെക്കൂടെയുള്ള ചില ആലോചനകളിൽ ഭാവന കടന്നുവന്നിരുന്നു. അതെല്ലാം ഭാവനയെ അറിയിച്ചിട്ടുമുണ്ടായിരുന്നു. ഉടൻ തന്നെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തും. അതിൻറ്റെ പ്രഖ്യാപനം ഉടനുണ്ടാവും. ഒരു കഥ അവർ കേട്ടിട്ടുണ്ട്. അത് അവർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്.” സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നും ആഷിക് അബു വ്യക്തമാക്കി.
ഭാവനയും ഈ കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്.

“എനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മലയാള സിനിമാ മേഖലയിലെ എൻറ്റെ പല സുഹൃത്തുക്കളും എനിക്ക് പിന്തുണയുമായി, സിനിമാ അവസരങ്ങളുമായി വന്നിട്ടുണ്ട്. ഞാൻ മലയാളത്തിലേക്ക് തിരിച്ചുവരണമെന്നും വീണ്ടും സിനിമകൾ ചെയ്യണമെന്നും എന്നോട് നിർബന്ധം പിടിച്ച സുഹൃത്തുക്കളുണ്ട്. ആഷിക് അബു, പൃഥ്വിരാജ്, ജയസൂര്യ, ഭദ്രൻ സർ, ജിനു എബ്രാഹം, ഷാജി കൈലാസ് സർ തുടങ്ങിയ പലരും എന്നെ സമീപിച്ച് അവസരങ്ങൾ മുന്നോട്ട് വെച്ചിരുന്നു. പക്ഷേ അതെല്ലാം ഇക്കഴിഞ്ഞ അഞ്ച് വർഷങ്ങളായി എനിക്ക് നിരസിക്കേണ്ടതായി വന്നു. കാരണം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നതും ഒന്നും സംഭവിച്ചിട്ടില്ലെന്ന് പോലെ പെരുമാറുകയെന്നതും എനിക്ക് പ്രയാസകരമായിരുന്നു. എൻറ്റെ മനസമാധാനത്തിന് വേണ്ടിയാണ് മലയാള സിനിമയിൽ നിന്ന് ഞാൻ വിട്ടു നിന്നത്. മറ്റ് ഭാഷകളിൽ ഞാൻ അഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ചില മലയാള സിനിമകളുടെ തിരക്കഥകൾ കേട്ട് തുടങ്ങിയിട്ടുണ്ട്.”

2017ൽ പുറത്തിറങ്ങിയ ആദം ജോൺ എന്ന പൃഥ്വിരാജ് ചിത്രമാണ് ഭാവന ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാള ചലച്ചിത്രം. പിന്നീട് മലയാള സിനിമയിൽ എത്തിയില്ലെങ്കിലും കന്നഡ സിനിമയിൽ സജീവമാണ് ഭാവന. ഭജഗംരി 2 എന്ന കന്നഡ ചിത്രമാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഭാവനയുടെ ചിത്രം.