മലയാളികളുടെ പ്രിയതാരം ഭാവന ചെറിയൊരു ഇടവേളക്കു ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്. ‘ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ ആണ് ഭാവന തിരിച്ചുവരവിന് ഒരുങ്ങുന്നത്. ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.
നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറ്റെ തിരക്കഥയും എഡിറ്റിംഗും നിർവഹിക്കുന്നതും ആദിൽ തന്നെയാണ്. ഷറഫുദ്ധീൻ ആണ് ചിത്രത്തിലെ നായകൻ. ബോൺഹോമി എൻറ്റർടെയ്മൻറ്റ്സിൻറ്റെ ബാനറിൽ റെനീഷ് അബ്ദുൾ ഖാദർ ആണ് ചിത്രം നിർമ്മിക്കുന്നത്.
പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് ചിത്രത്തിനു സംഗീതം നൽകുന്നത്. വിനായക് ശശികുമാർ ആണ് വരികൾ രചിച്ചിരിക്കുന്നത്. അരുൺ റുഷ്ദി ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – ശ്യാം മോഹൻ, സ്റ്റിൽസ് – രോഹിത് കെ സുരേഷ്. ശബ്ദലേഖനം, ഡിസൈൻ – ശബരി ദാസ് തോട്ടിങ്കൽ. കൊടുങ്ങല്ലൂർ ആണ് ചിത്രത്തിൻറ്റെ പ്രധാന ലൊക്കേഷൻ.
അഞ്ചു വർഷങ്ങൾക്കു ശേഷം ഭാവന മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമാണിത്. 2017 ൽ പൃഥ്വിരാജ് നായകനായി എത്തിയ ആദം ജോൺ ആയിരുന്നു ഭാവന ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാള ചിത്രം. മലയാള സിനിമയിൽ വീണ്ടും സജീവമാകുകയാണെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഭാവന വെളിപ്പെടുത്തിയിരുന്നു. മലയാളത്തിൽ അഭിനയിക്കുന്നില്ലെങ്കിലും കന്നഡയിൽ വളരെ തിരക്കേറിയ താരമാണ് ഭാവന.
ഇതിനുപുറമേ ഭദ്രൻ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും ഭാവന നായികയായി അഭിനയിക്കുന്നുണ്ട്. ‘ഇഒ’ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ഷെയ്ൻ നിഗം ആണ് ചിത്രത്തിലെ നായകൻ. സംവിധായകൻ ഗൌതം വാസുദേവ് മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.