ഏറേ നാളത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ‘ഒരുത്തി’. കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. രാധാമണി എന്ന ബോട്ട്കണ്ടക്ടറെയാണ് നവ്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നവ്യയുടെ അഭിനയമികവിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് നടി ഭാവന.
“ ഇന്നലെ രാത്രി ഒരുത്തീ കണ്ടു. പറയാൻ വാക്കുകൾ കിട്ടുന്നില്ല. വളരെ ത്രില്ലടിച്ചാണ് ചിത്രത്തിൻറ്റെ അവസാനം വരെയും കണ്ടിരുന്നത്. നവ്യ നായരെ 10 വർഷങ്ങൾക്ക് ശേഷം വീണ്ടും സ്ക്രീനിൽ കാണാൻ കഴിഞ്ഞു. എന്തൊരു തിരിച്ചുവരവാണ് നവ്യ. മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് നീയെന്നതിൽ ഒരു തർക്കവുമില്ല. നവ്യ എങ്ങനെ രാധാമണിയെ അവതരിപ്പിച്ചു എന്നതാണ് സിനിമയുടെ പ്രത്യേകത. വിനായകൻ, സൈജു കുറുപ്പ്, ആദിത്യ എന്നിവരുടെ പ്രകടനങ്ങളെയും അഭിനന്ദിക്കാതെ വയ്യ. സംവിധായകൻ വി.കെ പ്രകാശിനും അഭിനന്ദനം അറിയിക്കുന്നു. സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. ഇത് തീർച്ചയായും കാണേണ്ട സിനിമയാണ്.” എല്ലാവരും അടുത്തുള്ള തീയേറ്ററുകളിൽ പോയി സിനിമ കാണണം എന്നും ഭാവന തൻറ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ഭാവനയുടെ പോസ്റ്റിന് നവ്യ നായരും നന്ദി അറിയിച്ചിട്ടുണ്ട്. അതേസമയം ഒരുത്തീയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ ഇപ്പോൾ. ചിത്രത്തിൻറ്റെ സംവിധായകൻ തന്നെയാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആദ്യ ഭാഗത്ത് രാധാമണിയുടെ അതിജീവനം ആണ് പറയുന്നതെങ്കിൽ രണ്ടാം ഭാഗം അവരുടെ പോരാട്ടത്തെക്കുറിച്ചാണെന്ന് സംവിധായകൻ വ്യക്തമാക്കി. ഡിസംബറിലാണ് ഒരുത്തിയുടെ രണ്ടാം ഭാഗത്തിൻറ്റെ ഷൂട്ടിംങ് ആരംഭിക്കുക.