മോഹൻലാൽ ആദ്യമായി സംവിധായകൻറ്റെ വേഷമിടുന്ന ചിത്രമാണ് ബറോസ്. ആരാധകരും പ്രേക്ഷകരുമെല്ലാം വളരെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ബറോസ്. എന്നാൽ ആദ്യം ഷൂട്ട് ചെയ്ത രംഗങ്ങളെല്ലാം ഒഴിവാക്കി ചിത്രം വീണ്ടും ഷൂട്ട് ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് മോഹൻലാൽ പറയുന്നത്.
ചിത്രത്തിൻറ്റെ ഷൂട്ടിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ കോവിഡ് രൂക്ഷമായതോടെ ഷൂട്ടിംഗ് നിർത്തിവയ്ക്കുകയായിരുന്നു. ഇപ്പോൾ ഇതാ ബറോസിൻറ്റെ ഷൂട്ടിംഗ് വീണ്ടും തുടങ്ങുകയാണ്. മോഹൻലാൽ തന്നെ ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 15 നാണ് ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.
എന്നാൽ ആദ്യം ഷൂട്ട് ചെയ്ത രംഗങ്ങളെല്ലാം ഒഴിവാക്കി ആദ്യം മുതൽ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിൽ അഭിനയിച്ച പല കുട്ടികളും വളർന്നപോയതുകൊണ്ടും പലർക്കും ഇനി എത്താൻ കഴിയാത്ത സാഹചര്യമായതുകൊണ്ടുമാണ് ഈ രംഗങ്ങൾ ഒഴിവാക്കുന്നത്.
“ആ സിനിമയോട് അത്രയും സ്നേഹം ഉള്ളതുകൊണ്ടാണ് ഇതുവരെ ചിത്രീകരിച്ചത് ഒഴിവാക്കേണ്ടി വരുന്നത്. കേരളത്തിൽ പത്തു ദിവസം ഷൂട്ട് ചെയ്ത് ശേഷം ഗോവയിൽ എത്തിയപ്പോഴാണ് കോവിഡ് രൂക്ഷമായത്. രണ്ട് വർഷം മുമ്പ് ഷൂട്ട് ചെയ്തത് മുഴുവൻ ഒഴിവാക്കേണ്ടിവരും. ബറോസിൽ അഭിനയിച്ചിരുന്നു കുട്ടിക്ക് വരാൻ ബുദ്ധിമുട്ടുണ്ട്. നേരത്തെ അഭിനയിച്ച പലരും രണ്ട് വർഷം കൊണ്ട് വളർന്നു. വിദേശത്തുള്ള ചിലർക്ക് എത്താൻ കഴിയാത്ത സാഹചര്യവുമുണ്ട്. നിലവിൽ ചിത്രീകരിച്ചത് അത്രയും ഷെൽവ് ചെയ്യുകയാണ്” – മോഹൻലാൽ പറഞ്ഞു.
പോർച്ചുഗീസ് പശ്ചാത്തലമുള്ള ഒരു പിരീഡ് ചിത്രമാണ് ബാറോസ്. വാസ്കോഡ് ഗാമയുടെ നിധി സൂക്ഷിപ്പുകാരനായിരുന്ന ഭൂതമാണ് ബറോസ്. 400 വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ഈ ഭൂതം നിധിയുടെ യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിധി തേടി ഒരു കുട്ടി ഭൂതത്തിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. ഫാൻറ്റസി സിനിമ എന്ന നിലയിൽ ലോകത്തിനു കാണിച്ചു കൊടുക്കാൻ കഴിയുന്ന പലതും ചിത്രത്തിലുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.