CINEMA NEWS

ബറോസ് ചിത്രീകരണം പുനരാരംഭിച്ചു. ചിത്രത്തിലെ ക്യാരക്ടർ സ്കെച്ച് പങ്കുവെച്ച് മോഹൻലാൽ.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ആരാധകരും പ്രേക്ഷകരുമെല്ലാം വളരെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ബറോസ്. ഇപ്പോൾ ചിത്രത്തിൻറ്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ.
ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെ ആണ് പോസ്റ്റർ പങ്കുവച്ചത്. മോഹൻലാലിനെയും ഒരു പെൺകുട്ടിയെയും ആണ് പോസ്റ്ററിൽ കാണുന്നത്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവച്ചിരുന്ന സിനിമയുടെ ചിത്രീകരണം ഡിസംബർ 26 നു പുനരാരംഭിക്കുമെന്നും മോഹൻലാൽ അറിയിച്ചു. കോവിഡ് കാരണം ഷൂട്ടിംഗ് നിർത്തിവച്ചതുകൊണ്ട് ആദ്യം ചിത്രീകരിച്ച രംഗങ്ങൾ ഒഴിവാക്കുകയാണെന്നും ഇനി ആദ്യം മുതലാണ് ചിത്രീകരണം തുടങ്ങുന്നതെന്നും മോഹൻലാൽ മുമ്പ് അറിയിച്ചിരുന്നു.
നിധി കാക്കുന്ന ഭൂതം എന്ന ഹാഷ് ടാഗിലാണ് ചിത്രമെത്തുന്നത്. ജിജോ പുന്നൂസ് ആണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഗോവയാണ് ചിത്രത്തിൻറ്റെ പ്രധാന ലൊക്കേഷൻ. 2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിൻറ്റെ ഒഫിഷ്യൽ ലോഞ്ച് ഈ വർഷം മാർച്ച് 24 ന് ആയിരുന്നു. ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് ശിവൻ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം.
പോർച്ചുഗീസ് പശ്ചാത്തലമുള്ള ഒരു പിരീഡ് ചിത്രമാണ് ബാറോസ്. വാസ്കോഡ് ഗാമയുടെ നിധി സൂക്ഷിപ്പുകാരനായിരുന്ന ഭൂതമാണ് ബറോസ്. 400 വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ഈ ഭൂതം നിധിയുടെ യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫാൻറ്റസി സിനിമ എന്ന നിലയിൽ ലോകത്തിനു കാണിച്ചു കൊടുക്കാൻ കഴിയുന്ന പലതും ചിത്രത്തിലുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.