നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബനേർഘട്ട. ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാർത്തിക്ക് രാമകൃഷ്ണനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈമിൽ ജൂൺ അവസാനത്തോടെയാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ദൃശ്യം 2, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമസോണിൽ നേരിട്ട് റിലീസ് ചെയ്യുന്ന മൂന്നാമത്തെ മലയാള ചിത്രം കൂടിയാണിത്.
ഇപ്പോഴിതാ ചിത്രം നാല് ഭാഷകളിൽ റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ പോസ്റ്ററും ട്രെയിലറുമെല്ലാം നേരത്തെ പുറത്ത് വിട്ടിരുന്നു. ഒരു ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഡ്രൈവറായ ആഷിക്ക് എന്ന കഥാപാത്രത്തെയാണ് കാർത്തിക്ക് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അനൂപ് എ എസ്, ആശ മേനോൻ, വിനോദ്, അനൂപ്, സുനിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബാഗ്ലൂരിൽ ജോലി സംബന്ധമായ ഇൻറ്റർവ്യുന് പോകുന്ന സഹോദരിയെ കാണാതാവുകയും അവളെ അന്വേഷിച്ച് കണ്ടെത്തുന്ന സഹോദരൻറ്റെ കഥയാണ് ബനേർഘട്ട. പാലക്കാട് വാളയാർ, ബാഗ്ലൂർ എന്നിവടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംങ് പൂർത്തിയാക്കിയത്.
മാംപ്ര ഫൌണ്ടേഷൻറ്റെ സഹകരണത്തോടെ കോപ്പി റൈറ്റ് പിക്ച്ചേഴ്സിൻറ്റെ ബാനറിൽ മിഥുൻ തരകനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കഥയും സംഭാഷണവും അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻറ്റെ ഛായാഗ്രഹണം ബിനു, എഡിറ്റിംങ് പരീക്ഷിത്ത്, മേക്കപ്പ് ജാഫർ, കലാസംവിധാനം വിഷ്ണു രാജ്, വസ്ത്രാലങ്കാരം ലസിത പ്രദീപ്, സംഗീത സംവിധാനം റിജോ ചക്കാലയ്ക്കൽ, പരസ്യകല കൃഷ്ണപ്രസാദ് കെ വി, ക്യാമറ അഖിൽ കോട്ടയം, വാർത്താപ്രചരണം പി ശിവപ്രസാദ് എന്നിവരും നിർവ്വഹിക്കുന്നു.