പൃഥിരാജിനെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രമാക്കി 2020ൽ സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രം പിന്നീട് മറ്റ് ഭാഷകളിലും റീമേക്ക് ചെയ്യുമെന്ന് അറിയിച്ചിരുന്നു. തമിഴിനും തെലുങ്കിനും പുറമേ ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറ്റെ ഹിന്ദി റീമേക്കുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഹിന്ദി റീമേക്കിൽ നിന്ന് അഭിഷേക് ബച്ചൻ പിന്മാറി എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അയ്യപ്പനും കോശിയും ഹിന്ദി റീമേക്ക് ഒരുക്കുന്നത് മിഷൻ മംഗൾ ചിത്രത്തിൻറ്റെ സംവിധായകൻ ജഗൻ ശക്തിയാണ്. ജോൺ എബ്രാഹമാണ് ചിത്രം നിർമ്മിക്കുന്നത്.
നവംബറിൽ സിനിമയുടെ ഷൂട്ടിംങ് ആരംഭിക്കാനിരിക്കെയാണ് അഭിഷേക് ചിത്രത്തിൽ നിന്നും പിന്മാറിയത്. അഭിഷേക് തന്നെയാണ് താൻ ചിത്രത്തിൽ നിന്നും പിന്മാറിയ വിവരം ആരാധകരെ അറിയിച്ചത്. ജോണിനൊപ്പം അഭിനയിക്കുക തനിക്ക് ഏറേ സന്തോഷമുള്ള കാര്യമാണെന്നും എന്നാൽ ചിലപ്പോൾ ആഗ്രഹം നടക്കണമില്ലെന്നും ഉടനെ തന്നെ ജോണിനൊപ്പം മറ്റൊരു ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അഭിഷേക് പറഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദൂം, ദോസ്താന എന്നീ ചിത്രങ്ങളിലും നേരത്തെ അഭിഷേക് ജോണിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
അഭിഷേക് ചിത്രത്തിൽ നിന്നും പിന്മാറിയതോടെ പുതിയ താരത്തെ കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. അതേസമയം അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്ക് ഷൂട്ടിംങ് പുരോഗമിക്കുകയാണ്. ഭീംല നായക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പവൻ കല്യാണും റാണ ദഗ്ഗുബട്ടിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. നിത്യ മേനോനാണ് നായിക. 2022ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.