CINEMA NEWS

ജീത്തു ജോസഫിൻറ്റെ സംവിധാനത്തിൽ നായകനായി ആസിഫ് അലി

മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിത്തു ജോസഫ്. ഇപ്പോഴിതാ ജീത്തു ജോസഫിൻറ്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആസിഫ് അലിയും ജീത്തുവും ആദ്യമായി ഒന്നിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഫെബ്രുവരി 20 മുതൽ ചിത്രത്തിൻറ്റെ ഷൂട്ടിംങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
പൊള്ളാച്ചി, മറയൂർ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ചിത്രത്തിൻറ്റെ ഷൂട്ടിംങ്. ആസിഫ് അലിയ്ക്ക് പുറമേ രഞ്ജി പണിക്കർ, ബാബുരാജ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് സൂചന. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിതീകരണമൊന്നും ഇതുവരെയും വന്നിട്ടില്ല.
കുഞ്ഞെൽദോയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ആസിഫ് അലിയുടെ ചിത്രം. ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞെൽദോ. മാത്തുക്കുട്ടിയുടെ കോളേജ് കാലത്ത് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഡിസംബർ 24നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഗോപിക ഉദയൻ നായികയായി എത്തിയ ചിത്രത്തിൽ സിദ്ദിഖ്, രേഖ, അർജുൻ ഗോപാൽ, രൂപേഷ് പീതാംബരൻ തുടങ്ങി നിരവധി താരങ്ങളും അണിനിരന്നിരുന്നു.
ദൃശ്യം 2 ആണ് ജീത്തു ജോസഫിൻറ്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മോഹൻലാൽ നായകനായി എത്തുന്ന 12ത് മാൻ, റാം എന്നീ ചിത്രങ്ങളാണ് അദ്ധേഹത്തിൻറ്റേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ചിത്രങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.