CINEMA NEWS

റിലീസ് തിയതി പ്രഖ്യാപിച്ച് ‘അർച്ചന 31 നോട്ട് ഔട്ട്’

ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് അർച്ചന 31 നോട്ട് ഔട്ട്. ഇപ്പോഴിതാ ചിത്രത്തിൻറ്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. 2022 ഫെബ്രുവരി നാലിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഐശ്വര്യ ലക്ഷമിയാണ് റിലീസ് അറിയിച്ചുക്കൊണ്ടുള്ള പോസ്റ്റർ തൻറ്റെ സോഷ്യൽ മീഡിയ അക്കൌണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചത്. നേരത്തെ പുറത്തിറക്കിയ ചിത്രത്തിൻറ്റെ ഫോട്ടോകൾ അടക്കമുള്ള പ്രമോഷണൽ മെറ്റീരിയലുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
ഒരു വിവാഹത്തെ പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പ്രൈമറി സ്കൂൾ അധ്യാപിക അർച്ചനയായാണ് ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്. 31 വിവാഹാലോചനകളിലൂടെ കടന്നുപോവുന്ന ഒരാളാണ് അർച്ചന. അർച്ചനയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. മലയാളത്തിൽ നിന്നും നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രൻസാണ്. പാലാക്കാട് കേന്ദ്രീകരിച്ചായിരുന്നു ചിത്രത്തിൻറ്റെ ഷൂട്ടിംങ്. അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻറ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസിൻറ്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജോയൽ ജോജിയാണ്. ചിത്രത്തിൻറ്റെ എഡിറ്റിംങ് മുഹ്സിൻ പി എം, സംഗീതം രജത്ത് പ്രകാശ്, മാത്തൻ, ഗാനങ്ങൾ സൈന, കലാസംവിധാനം രാജേഷ് പി വേലായുധൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, സൌണ്ട് വിഷ്ണു പി സി, അരുൺ എസ് മണി, പരസ്യകല ഓൾഡ് മോങ്ക്സ്, വാർത്താപ്രചരണം എ എസ് ദിനേശ് തുടങ്ങിയവർ നിർവ്വഹിക്കുന്നു.