ഏറേ വിവാദങ്ങൾക്ക് ശേഷം റിലീസിന് ഒരുങ്ങിയ മലയാള ചലച്ചിത്രം അക്വേറിയത്തിൻറ്റെ റിലീസ് വീണ്ടും മാറ്റി. ഹൈക്കോടതിയാണ് ചിത്രത്തിൻറ്റെ റിലീസിന് സ്റ്റേ ഏർപ്പെടുത്തിയത്. മേയ് 14നാണ് ചിത്രം ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. ചിത്രത്തിൽ കന്യാസ്ത്രീകളെ അപമാനിക്കുന്നുവെന്ന് കാണിച്ച് വോയിസ് ഓഫ് നൺസ് കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ചിത്രത്തിൻറ്റെ റിലീസ് പത്ത് ദിവസത്തേക്ക് വിലക്കിയത്. ദേശീയ പുരസ്കാര ജേതാവായ ടി ദീപേഷാണ് ചിത്രത്തിൻറ്റെ സംവിധായകൻ. കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മഝര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഏക മലയാള ചിത്രമാണിത്. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നായിരുന്നു ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര്. എന്നാൽ ധാരാളം വിമർശനങ്ങൾ ഉണ്ടായതോടെ ചിത്രത്തിൻറ്റെ പേര് അക്വേറിയം എന്നാക്കുകയായിരുന്നു. സണ്ണി വെയ്ൻ, ഹണിറോസ്, ശാരി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറേ നാളുകൾക്ക് ശേഷമാണ് ശാരി വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നത്. കലാസംവിധായകൻ സാബു സിറിൾ സംവിധായകൻ വി കെ പ്രകാശ് കന്നട നടി രാജശ്രീ പൊന്നപ്പ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
സ്ത്രീകളുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ മതങ്ങൾ എങ്ങനെ വീക്ഷിക്കുന്നു എന്നതാണ് ചിത്രത്തിൻറ്റെ പ്രധാന പ്രമേയം. മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് പറഞ്ഞ് സെനസർ ബോർഡ് ഈ ചിത്രത്തിൻറ്റെ റിലീസ് നേരത്തെ തടഞ്ഞിരുന്നു. സെൻസർ ബോർഡ് കേരളഘടകത്തെയും കേന്ദ്രഘടകത്തെയും സമീപിച്ചിട്ടും പ്രദർശനാനുമതി ലഭിച്ചിരുന്നില്ല. പിന്നീട് ചിത്രത്തിൻറ്റെ അണിയറ പ്രവർത്തകർ ട്രിബ്യൂണലിനെ സമീപിച്ചാണ് അനുമതി നേടിയത്. ബൽറാമാണ് ചിത്രത്തിൻറ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കണ്ണേമ്പേത്ത് പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ ഷാജ് കണ്ണമ്പേത്താണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറ്റെ ഛായാഗ്രഹണം പ്രദീപ് എം വർമ്മ സംഗീതം മധു ഗോവിന്ദ് എഡിറ്റിംങ് രാകേഷ് നാരായണൻ സ്റ്റിൽസ് ശ്രീജിത്ത് എ എസ് എന്നിവരാണ് നിർവ്വഹിച്ചിരിക്കുന്നത്.