പൃഥ്വിരാജ് – ഷാജി കൈലാസ് ടീം വീണ്ടും ഒന്നിക്കുന്ന കാപ്പയിൽ മഞ്ജു വാര്യർക്ക് പകരം അപർണ ബാലമുരളി. ചിത്രത്തിൽ നിന്നും മഞ്ജു വാര്യർ പിന്മാറിയതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യർക്ക് പകരം ദേശീയ അവാർഡ് ജേതാവായ അപർണ ബാലമുരളി ചിത്രത്തിലെ നായികയാവും എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഡേറ്റ് പ്രശ്നം മൂലമാണ് മഞ്ജു വാര്യർ ചിത്രത്തിൽ നിന്ന് പിന്മാറിയത്. അജിത്ത് നായകനായി എത്തുന്ന എകെ 61 ആണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.
ഇന്ദുഗോപൻറ്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറ്റെ രചനയും നിർവഹിക്കുന്നത്. മരണം വട്ടമിട്ടുപറക്കുന്ന തലസ്ഥാന നഗരത്തിൻറ്റെ അദൃശ്യ അധോലോകത്തിൻറ്റെ കഥയാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ചിത്രത്തിൽ ആസിഫ് അലിയും അന്ന ബെന്നും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
സിനിമയിൽ പൃഥിരാജ് ഒരു മുഴുനീള വില്ലൻ വേഷത്തിൽ എത്തുന്നത് എന്നാണ് ഏറ്റവും വലിയ പ്രത്യേകത. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസ് എന്ന നിർമ്മാണ കമ്പനിയുമായി ചേർന്ന് ഫെഫ്ക റൈറ്റേഴ്സ് യൂണിയനാണ് ചിത്രം നിർമ്മിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ നിർമ്മാണ പങ്കാളിയാവുന്ന ചിത്രമെന്ന പ്രത്യേകതയും കാപ്പയ്ക്കുണ്ട്. ജോമോൻ ടി ജോൺ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, സംഗീത സംവിധാനം ജസ്റ്റിൻ വർഗീസ്, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്സ് സേവ്യർ, സ്റ്റിൽസ് ഹരി തിരുമല തുടങ്ങിയവരും നിർവ്വഹിക്കുന്നു.