ഒരു ഇടവേളയ്ക്കു ശേഷം ആൻ അഗസ്റ്റിൻ മടങ്ങിയെത്തുന്നു. അഭിനയത്തിലേക്കു മാത്രമല്ല, സിനിമ നിർമ്മാണ രംഗത്തേക്കും ചുവടുവയ്ക്കുകയാണ് ആൻ അഗസ്റ്റിൻ. തൻറ്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ആൻ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.
പരസ്യ ചിത്ര നിർമ്മാതാക്കളായ മീരാമാർ ഫിലിംസ് ബാനറുമായി ചേർന്ന് താൻ സിനിമ നിർമ്മാണ രംഗത്തേക്ക് ചുവടുകൾ വയ്ക്കുകയാണ് എന്നാണ് ആൻ അഗസ്റ്റിൻ ഫേസ്ബുക്കിൽ കുറിച്ചത്. ഒരു നടി എന്ന നിലയിൽ ഞാൻ എൻറ്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു. ഒരിക്കൽ കൂടി ആരംഭിക്കുന്നത് എളുപ്പമല്ല. എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്നേഹം, പിന്തുണ, പ്രാർത്ഥന എന്നിവയാൽ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങൾക്കെല്ലാവർക്കും നന്ദി എന്നും ആൻ കൂട്ടിച്ചേർത്തു.
ഫീച്ചർ ഫിലിം നിർമ്മാണ രംഗത്തേക്ക് ആണ് ആൻ ചുവടുവച്ചിരിക്കുന്നത്. ദേശീയ തലത്തിൽ പരസ്യ ചിത്ര നിർമ്മാണത്തിലൂടെ സജീവമാണ് മിരാമർ ഫിലിംസ്. മിരാമർ ഫിലിംസ് എന്ന ബാനറിലൂടെ ആണ് ആൻ അഗസ്റ്റിൻ നിർമ്മിക്കുന്ന സിനിമകളും എത്തുന്നത്.
2010 ൽ ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആണകുട്ടി എന്ന ചിത്രത്തിലൂടെ ആണ് ആൻ അഭിനയത്തിന് തുടക്കം കുറിക്കുന്നത്. ഏഴ് വർഷത്തോളം അഭിനയത്തിൽ സജീവമായിരുന്ന ആൻ പതിമൂന്നോളം ചിത്രങ്ങളിൽ അഭിനയിച്ചു. അർജുനൻ സാക്ഷി, ഡാ തടിയാ തുടങ്ങിയ ചിത്രങ്ങളിലെ ആൻ അഗസ്റ്റിൻറ്റെ വേഷം വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2013 ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരവും ലഭിച്ചു. 2015 ൽ പുറത്തിറങ്ങിയ നീന, ബിജോയ് നമ്പ്യാരുടെ ആന്തോളജി ചിത്രം സോളോ എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ആൻ അഭിനയത്തിൽ നിന്നും ഇടവേള എടുക്കുന്നത്.