CINEMA NEWS

വേറിട്ട കഥയും പുതുമുഖ താരങ്ങളുമായി അനിൽ നാഗേന്ദ്രൻറ്റെ പുതിയ ചിത്രം തീ

അനിൽ വി നാഗേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തീ. നിലവിലെ താരങ്ങൾക്ക് പുറമേ നിരവധി പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം ചലച്ചിത്ര താരം ഇന്ദ്രൻസ് തൻറ്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു. അസാധാരണമായ ഒരു പ്രണയ കഥയോടൊപ്പം സാഹസിക സംഘട്ടനങ്ങളും ആവിഷ്കരിച്ചിരിക്കുന്ന ചിത്രത്തിൽ യുവ എം.എൽ.എ മുഹമ്മദ് മുഹ്സ്സിനാണ് നായകനായി എത്തുന്നത്.

പുതുമുഖം സാഗരയാണ് നായിക. വസന്തത്തിൻറ്റെ കനൽവഴികളിൽ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഋതേഷാണ് സിസിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമേ ചിത്രത്തിൽ സിനിമാ താരം ഇന്ദ്രൻസും അധോലോക നായകനായി വേഷമിടുന്നുണ്ട്. ഇന്ദ്രൻസിൻറ്റെ ഈ ഗെറ്റപ്പ് നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. വിനു മോഹൻ, രമേഷ് പിഷാരടി, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, പ്രേംകുമാർ, പ്രസാദ് കണ്ണൻ, വി കെ ബൈജു, ജോസഫ് വിൽസൺ, പയ്യൻസ് ജയകുമാർ, കോബ്ര രാജേഷ്, സോണിയ മൽഹാർ, രശ്മി അനിൽ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആലപ്പുഴ, തിരുവനന്തപുരം, കരുനാഗപ്പള്ളി, പൊന്മുടി, തവനൂർ എന്നിവടങ്ങളിലായി ഷൂട്ടിംങ് പൂർത്തിയാക്കിയ സിനിമ ഉടൻ തന്നെ റിലീസ് ചെയ്യുമെന്നാണ് സൂചന.

യൂ ക്രിയേഷൻസും വിശാരദ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം കവിയരശ്, എഡിറ്റിംങ് ജോഷി എ എസ്, കല കെ കൃഷ്ണൻകുട്ടി, പശ്ചാത്തലസംഗീതം അഞ്ചൽ ഉദയകുമാർ, മേക്കപ്പ് ലാൽ കരമന, വസ്ത്രാലങ്കാരം ശ്രീജിത്ത് കുമാരപുരം, ആക്ഷൻ ബ്രൂസ്ലി രാജേഷ്, സൌണ്ട് ഡിസൈനർ എൻ പരികുമാർ, വാർത്താപ്രചരണം എ എസ് ദിനേശ് എന്നിവർ നിർവ്വഹിക്കുന്നു.