CINEMA NEWS

‘അങ്കമാലി ഡയറീസ്’ ബോളിവുഡിലേക്ക്; പെപ്പെയായി അർജുൻ ദാസ്

സൂപ്പർഹിറ്റ് മലയാള ചലച്ചിത്രം അങ്കമാലി ഡയറീസിന് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. 86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. മികച്ച വിജയം നേടിയ ചിത്രത്തിൻറ്റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത് കെഡി എങ്കിറാ കറുപ്പുദുരൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സംവിധായിക മധുമിതയാണ്. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൈതി, മാസ്റ്റർ, വിക്രം തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ അർജുൻ ദാസാണ്. മലയാളത്തിൽ ആൻറ്റണി വർഗ്ഗീസ് അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രത്തെയാണ് അർജുൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

അർജുൻറ്റെ കരിയറിലെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്.
ഇതുവരെയും പേര് നിശ്ചയിച്ചിട്ടില്ലാത്ത ചിത്രത്തിൻറ്റെ ഷൂട്ടിംങ് ഇപ്പോൾ ഗോവയിൽ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. ചിത്രമൊരു റീമേക്കല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം ഉർക്കൊണ്ടുള്ള തൻറ്റെ വ്യാഖ്യാനമാണെന്നും ചിത്രത്തെക്കുറിച്ച് സംവിധായിക മധുമിത പറഞ്ഞു. അബ്ഡുണ്ടിയ എൻറ്റർടൈയിൻമെറ്റ് ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൻറ്റെ റിലീസ് ഉടൻ തന്നെ ഉണ്ടാവുമെന്നാണ് സൂചന.

2019ൽ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രം കൈതിയിലൂടെ ശ്രദ്ധ നേടിയ താരമാണ് അർജുൻ ദാസ്. കാർത്തി നായകനായി എത്തിയ ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് താരം എത്തിയത്. തുടർന്ന് വിജയി നായകനായി എത്തിയ മാസ്റ്ററിലും അടുത്തിടെ റിലീസ് ചെയ്ത ബ്ലോക്ബസ്റ്റർ കമൽഹാസൻ ചിത്രം വിക്രത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

അതേസമയം 2017ലാണ് അങ്കമാലി ഡയറീസ് റിലീസ് ചെയ്യുന്നത്. ചെമ്പൻ വിനോദാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയത്. ആൻറ്റണി വർഗ്ഗീസിന് പുറമേ അന്ന രേഷ്മ രാജൻ, അപ്പാനി ശരത്ത് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. ഫ്രൈഡെ ഫിലിംസിൻറ്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചത്. അങ്കമാലി കേന്ദ്രീകരിച്ചായിരുന്നു ചിത്രത്തിൻറ്റെ ഷൂട്ടിംങ്. 2019ൽ ചിത്രത്തിൻറ്റെ തെലുങ്ക് റീമേക്കും പുറത്തിറങ്ങിയിരുന്നു.