MOLLYWOOD

‘തണ്ണീർ മത്തൻ ദിനങ്ങൾ ആസ്വദിച്ചപ്പോലെ എല്ലാവർക്കും സൂപ്പർ ശരണ്യയും ആസ്വദിക്കാൻ സാധിക്കും’ വെളിപ്പെടുത്തലുമായി അനശ്വര രാജൻ

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അനശ്വര രാജൻ. ബാലതാരമായി സിനിമയിൽ എത്തിയ അനശ്വര പിന്നീട് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ നായികയായും അരങ്ങേറിയിരുന്നു. ഇപ്പോൾ റിലീസിനൊരുങ്ങുന്ന അനശ്വരയുടെ ഏറ്റവും പുതിയ ചിത്രം സൂപ്പർ ശരണ്യയാണ്. ടൈറ്റിൽ റോളാണ് അനശ്വര ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ തൻറ്റെ പുതിയ സിനിമാവിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് അനശ്വര. ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിലാണ് അനശ്വര വിശേഷങ്ങൾ പങ്കുവെച്ചത്.
“ യഥാർത്ഥത്തിൽ കോളേജ്, ഹോസ്റ്റൽ ജീവിതം ജീവിക്കുന്ന പോലെയാണ് സൂപ്പർ ശരണ്യടുടെ ചിത്രീകരണ വേളയിൽ അനുഭവപ്പെട്ടത്. ഞാനും ശരണ്യയും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. മമിതയും മറ്റുള്ളവരും അടുത്ത സുഹൃത്തുക്കളായതിനാൽ കെമസ്ട്രി നന്നായി വർക്കൌട്ട് ആയപോലെ തോന്നിയിരുന്നു. തണ്ണീർ മത്തൻ ദിനങ്ങൾ ആസ്വദിച്ചപ്പോലെ എല്ലാവർക്കും സൂപ്പർ ശരണ്യയും ആസ്വദിക്കാൻ സാധിക്കും. ഒരുപാട് നൻമ മുഹൂർത്തങ്ങളും ഉണ്ട്. ഗിരീഷേട്ടൻ സ്ക്രിപ്റ്റ് അയച്ച് തന്നപ്പോൾ വായിച്ച് നോക്കി ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്.”
തൻറ്റെ പുതിയ ചിത്രമായ മൈക്കിനെക്കുറിച്ചും അനശ്വര വ്യക്തമാക്കി. “ജോൺ എബ്രാഹം സർ ആദ്യമായി നിർമ്മിക്കുന്ന മലയാള സിനിമയുടെ ഭാഗമാകുന്നത് സന്തോഷം നൽകുന്നുണ്ട്. ഓഡീഷൻ ഒന്നും ഉണ്ടായിരുന്നില്ല. സംവിധായകൻ വിളിച്ച് ഇങ്ങനെയൊരു കഥാപാത്രമുണ്ട് എന്ന് പറയുകയായിരുന്നു. മൈക്കിൻറ്റെ ആദ്യ ഷെഡ്യൂൾ മാത്രമാണ് പൂർത്തിയായത്. സിനിമയുടെ വിവരങ്ങൾ പുറത്ത് പറയാൻ ആയിട്ടില്ല. സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ സ്ക്രിപ്റ്റ് വായിച്ച് എൻറ്റെ കഥാപാത്രത്തിന് എന്തേലും ചെയ്യാനുണ്ടോ പെർഫോം ചെയ്യാൻ പറ്റുന്ന കഥാപാത്രമാണോ എന്നാണ് ആദ്യം നോക്കുന്നത്. ചില സിനിമകൾ ഇപ്പോൾ ലൈൻ അപ്പ് ആയിട്ടുണ്ട്.” തമിഴിലേക്കും ക്ഷണമുണ്ടെന്നും അനശ്വര വ്യക്തമാക്കി.