CINEMA NEWS

യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും വരരുത്. ‘ഗോൾഡി’നെക്കുറിച്ച് അൽഫോൺസ് പുത്രൻ.

പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ആറു വർഷം കഴിഞ്ഞ് അൽഫോൺസ് പുത്രൻറ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സൂപ്പർഹിറ്റ് ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജും നയൻതാരയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിൻറ്റെയും മാജിക് ഫ്രയിംസിൻറ്റെയും ബാനറിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നയൻതാരക്കും പൃഥ്വിരാജിനും പുറമേ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. പൃഥ്വിയുടെ അമ്മ വേഷത്തിൽ മല്ലിക സുകുമാരൻ തന്നെയാണ് ചിത്രത്തിൽ എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് അൽഫോൺസ് പങ്കുവച്ച ഒരു ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പ്രേമവും നേരവും ആണ് അൽഫോൺസ് മുമ്പ് സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ. എന്നാൽ ഈ ചിത്രങ്ങളെ പോലെയല്ല തൻറ്റെ പുതിയ ചിത്രം എന്നാണ് അൽഫോൺസ് പറയുന്നത്. പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു ചിത്രമാണെന്നാണ് താരം പറയുന്നത്.
“ഗോൾഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഇപ്പോൾ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കുറച്ചു നല്ല കഥാപാത്രങ്ങളും, കുറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ, കുറച്ചു തമാശകളും ഉള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ്. യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആ വഴിക്ക് ആരും വരരുത്.” എന്നാണ് അൽഫോൺസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
എന്നാൽ അൽഫോൺസ് പറയുന്ന കാര്യങ്ങൾ മുഖവിലയ്ക്കെടുക്കാൻ ആവില്ലെന്നാണ് ആരാധകർ പറയുന്നത്. മുമ്പ് രണ്ട് ചിത്രങ്ങൾ ഇറങ്ങിയപ്പോഴും അൽപോൺസ് ഇങ്ങനെയാണ് പറഞ്ഞതെന്നും എന്നാൽ മറിച്ചാണ് സംഭവിച്ചത് എന്നുമാണ് ആരാധകരുടെ വാദം. എന്നാൽ നേരം എന്ന സിനിമയുടെ ഗണത്തിൽ പെടുന്ന ഒരു ഫൺ ത്രില്ലറാണ് ഗോൾഡ് എന്ന് പൃഥ്വിരാജ് മുമ്പ് പറഞ്ഞിരുന്നു.