12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒരുമിക്കുന്ന പുതിയ ചിത്രത്തിൻറ്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. എലോൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂറാണ് നിർമ്മിക്കുന്നത്. ഷാജി കൈലാസിൻറ്റെയും ആൻറ്റണി പെരുമ്പാവൂരിൻറ്റെയും സാന്നിധ്യത്തിൽ മോഹൻലാലാണ് ചിത്രത്തിൻറ്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. “ഷാജിയുടെ നായകന്മാർ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാർത്ഥ നായകൻ എല്ലായ്പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും” എന്നും മോഹൻലാൽ ടൈറ്റിൽ പ്രഖ്യാപന വേളയിൽ വ്യക്തമാക്കി. 2009ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസിന് ശേഷം മോഹൻലാൽ നായകനാകുന്ന ഷാജി കൈലാസ് ചിത്രമാണിത്.
ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ നിർമ്മിക്കുന്ന 30-ാമത്തെ ചിത്രം കൂടിയാണ് എലോൺ. മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹമാണ് ആശിർവാദിൻറ്റെ ലോഞ്ചിംങ് ചിത്രം. രാജോഷ് ജയരാമനാണ് എലോണിൻറ്റെ തിരക്കഥ ഒരുക്കുന്നത്. നേരത്തെ ഷാജി കൈലാസ് സംവിധാനം ചെയ്ത മദിരാശി, ജിഞ്ചർ, സൌണ്ട് ഓഫ് ബൂട്ട് തുടങ്ങിയ ചിത്രങ്ങളുടെയും രചന നിർവ്വഹിച്ചിരുന്നത് രാജേഷാണ്. അഭിനന്ദർ രാമാനുജം ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻറ്റെ എഡിറ്റിംങ് ഡോൺമാക്സ്, സംഗീത സംവിധാനം ജേക്സ് ബിജോയ് എന്നിവരും നിർവ്വഹിക്കുന്നു.
അതേസമയം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിൻറ്റെ ഷൂട്ടിംങ് പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. 8 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് വീണ്ടും സംവിധാനരംഗത്തേക്ക് തിരിച്ചെത്തിയതും ഈ ചിത്രത്തിലൂടെയാണ്. എന്നാൽ ഒരുപക്ഷേ മോഹൻലാൽ ചിത്രമാവും ആദ്യം പൂർത്തിയായി റിലീസിന് എത്തുക എന്നാണ് സൂചന. പ്രിയദർശൻറ്റെ മരക്കാർ, ബി ഉണ്ണികൃഷ്ണൻറ്റെ ആറാട്ട്, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്നീ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ള മോഹൻലാൽ ചിത്രങ്ങൾ.