ആൻറ്റണി വർഗീസിനെ നായകനാക്കി റ്റിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് അജഗജാന്തരം. സിൽവർ ബേ സ്റ്റുഡിയോയുടെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത്ത് തലപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ആൻറ്റണി വർഗീസ്, ചെമ്പൻ വിനോദ് ജോസ്, അർജുൻ അശോകൻ, സാബു മോൻ അബ്ദു സമദ്, ജാഫർ ഇടുക്കി, സുധീ കൊപ്പ, ബീറ്റോ ഡേവിഡ്, സിനോജ് വർഗീസ്, രാജേഷ് ശർമ, ലുക്ക്മാൻ ലുക്കു, ഡിറ്റോ വിൽസൺ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിനു ശേഷം റ്റിനു പാപ്പച്ചനും ആൻറ്റണി വർഗീസും ഒരുമിക്കുന്ന ചിത്രം കൂടിയാണ് അജഗജാന്തരം. ഒരു ഉത്സവപറമ്പിൻറ്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ആക്ഷൻ ചിത്രമാണിത്.
ജേക്സ് ബിജോയ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം ജിൻറ്റോ ജോർജ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്. സ്റ്റിൽസ് അർജുൻ കല്ലിങ്കൽ. കലാസംവിധാനം ഗോകുൽ ദാസ്. വസ്ത്രാലങ്കാരം മഷാർ ഹംസ. മേക്കപ്പ് റോണക്സ് സേവ്യർ. ആക്ഷൻ സുപ്രീം സുന്ദർ. ചീഫ് അസിസ്റ്റൻറ്റ് ഡയറക്ടർ രതീഷ് മൈക്കിൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കൃഷ്ണൻ എസ്. സൌണ്ട് ഡിസൈനർ രംഗനാഥ് രവി.
ചിത്രത്തിൻറ്റെ പോസ്റ്ററും ട്രെയിലറും നേരത്തെ പുറത്തുവിട്ടിരുന്നു. 2021 ഫെബ്രുവരി 26 ന് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചെങ്കിലും കോവിഡിനെ തുടർന്ന് സെക്കൻറ്റ് ഷോ ഇല്ലാതിരുന്നതുകൊണ്ട് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. ജൂൺ 1 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിൻറ്റെ നിർമ്മാതാക്കൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.