2017 സെപ്റ്റംബറിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായിക ആയിട്ടാണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നാലു വർഷങ്ങൾ പിന്നിടുമ്പോൾ മലയാളത്തിലും തമിഴിലുമായി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഐശ്വര്യ.
നാലു വർഷമെന്നത് വലിയ ഒരു കാലയളവ് അല്ലെങ്കിലും ഒരു അഭിനേതാവ് എന്ന നിലയിൽ ഒരുപാട് ദൂരം ഞാൻ സഞ്ചരിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ച് യാതൊരു ഐഡിയയും ഇല്ലാതെ ആണ് ഞാൻ സിനിമയിൽ വരുന്നത്. സിനിമ എന്നത് എനിക്ക് ഒരു കരിയർ മാത്രമല്ല, ഒരുപാട് സന്തോഷം നൽകുന്ന ജീവിതാനുഭവങ്ങൾ കൂടിയാണ്.
ഓരോ സിനിമ കഴിയുന്തോറും വ്യക്തി എന്ന നിലയിലും ഒരു ആക്ടർ എന്ന നിലയിലും എൻറ്റെ ആത്മവിശ്വാസം ഒരുപാട് വർദ്ധിച്ചിട്ടുണ്ട്. സിനിമയിൽ ഞാൻ ചെയ്ത കഥാപാത്രങ്ങൾ അധികവും ബോൾഡാണ്. എന്നാൽ ജീവിതത്തിൽ അങ്ങനെയല്ല. ഓരോ സിനിമകളിൽ നിന്നുമാണ് ഞാൻ ആത്മവിശ്വാസം നേടിയതും എൻറ്റെ ഉൾവലിവുകളെ മറികടന്നതും.
ഞാൻ ഒരു മെത്തേഡ് ആക്ടറല്ല. സംവിധായകൻ നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് താൻ അഭിനയിക്കുന്നതെന്നും ഐശ്വര്യ പറഞ്ഞു. ഢാൻസ് ചെയ്യാൻ എനിക്ക് പേടി ആയിരുന്നു. എന്നാൽ ഇപ്പോൾ ആ പേടിയൊക്കെ മാറി. നല്ല ഡാൻസും പാട്ടും ഒക്കെയുള്ള ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണ്. സിനിമകൾ എപ്പോഴും ആസ്വാദ്യമായിരിക്കണം. അതുകൊണ്ട് ഫീൽ ഗുഡ് സിനിമകൾ ചെയ്യാനാണ് എനിക്ക് കൂടുതൽ താത്പര്യം.
പൊന്നിയിൽ സെൽവൻ എന്ന സിനിമയിൽ അഭിനയിക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായിട്ടാണ് കാണുന്നത്. ജീവിതത്തിൽ ഇങ്ങനെയൊരു ഭാഗ്യം ലഭിക്കുമെന്ന് കരുതിയിരുന്നതല്ല എന്നും ഐശ്വര്യ പറഞ്ഞു. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യങ്ങൾ പറഞ്ഞത്.
ടൊവീനോ നായകനായി എത്തിയ കാണക്കാണെ ആണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. കൂടാതെ അർച്ചന 3 നോട്ട് ഔട്ട് തുടങ്ങി നിരവധി ചിത്രങ്ങൾ ഐശ്വര്യയുടെ ഇനി റിലീസാകാനുണ്ട്.