CINEMA NEWS

ആര്യയുടെ പുതിയ ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്മി.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിനു പുറമേ തമിഴ് ചിത്രങ്ങളിലും ഐശ്വര്യ ഇപ്പോൾ സജീവമാണ്. 2017 സെപ്റ്റംബറിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായിക ആയിട്ടാണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നാലു വർഷങ്ങൾ പിന്നിടുമ്പോൾ മലയാളത്തിലും തമിഴിലുമായി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഐശ്വര്യ.
ഇപ്പോൾ ആര്യ നായകനായെത്തുന്ന പുതിയ തമിഴ് ചിത്രത്തിലും ഐശ്വര്യ ലക്ഷ്മി ആണ് നായിക. ടെഡി എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിനു ശേഷം സംവിധായകൻ ശക്തി രാജനും ആര്യയും ഒന്നിക്കുന്ന അടുത്ത ചിത്രമാണിത്. പുതിയ ചിത്രത്തിനു ഇതുവരെയും പേരിട്ടിട്ടില്ല. ആര്യയുടെ കരിയറിലെ 33-ാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിൻറ്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.
ടെഡി എന്ന ചിത്രം പോലെ പുതിയ ചിത്രവും സയൻസ് ഫിക്ഷൻ ഗണത്തിലാണ് എന്നാണ് സൂചന. ഐശ്വര്യക്കു പുറമേ സിമ്രാൻ, കാവ്യ ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലേഷ്യ, ചെന്നൈ എന്നിവടങ്ങളാണ് ചിത്രത്തിൻറ്റെ പ്രധാന ലൊക്കേഷൻ. ഡി ഇമ്മൻ ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
ആക്ഷൻ, ജഗമേ തന്തിരം, പൊന്നിയിൽ സെൽവൻ എന്നീ തമിഴ് ചിത്രങ്ങൾക്കു ശേഷം ഐശ്വര്യ നായികയാകുന്ന അടുത്ത ചിത്രമാണിത്. എന്നാൽ ഐശ്വര്യയുടെ കഥാപാത്രത്തെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
2017 ൽ പുറത്തിറങ്ങിയ ആഷിക് അബു ചിത്രം മായാനദിയിലൂടെ ആണ് ഐശ്വര്യയുടെ കരിയർ തന്നെ മാറിയത്. ചിത്രത്തിലെ അപ്പു എന്ന ഐശ്വര്യയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പുറത്തിറങ്ങിയ വരത്തൻ, വിജയ് സൂപ്പറും പൌർണമിയും എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
അർച്ചന 31 നോട്ടൌട്ട്, ബിസ്മി സ്പെഷ്യൽ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഐശ്വര്യയുടെ ഇനി റിലീസാകാനുള്ളത്. പൊന്നിയിൽ സെൽവൻ എന്ന തമിഴ് ചിത്രവും റിലീസാകാനുണ്ട്.