മായാനദി, വിജയ് സൂപ്പറും പൌർണമിയും തുടങ്ങീ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിലൂടെ ഐശ്വര്യ കോളിവുഡിലും അരങ്ങേറിയിരുന്നു. ആക്ഷന് ശേഷം ഐശ്വര്യ നായികയായി എത്തിയ ജഗമേ തന്തിരം എന്ന ധനൂഷ് ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അറ്റില എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ സിനിമയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ജഗമേ തന്തിരം എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.
“ 2018 ലാണ് സിനിമയെക്കുറിച്ച് എന്നോട് പറയുന്നത്. കാർത്തിക്ക് സുബ്ബരാജിൻറ്റെ സിനിമയായതിനാൽ അതിൽ അഭിനയിക്കുക എന്നത് എൻറ്റെ ആവശ്യമാണ്. കൂടാതെ അവർ വിചാരിക്കുന്ന കഥാപാത്രത്തിന് ചേരുന്ന ആളാണോ എന്നുറപ്പാക്കേണ്ടത് എൻറ്റെയും അവരുടെയും ആവശ്യമാണ്. അതുക്കൊണ്ടാണ് ഓഡീഷന് പോയത്. ഏത് സിനിമയായാലും ഓഡീഷിന് പോകാൻ എനിക്ക് മടിയില്ല. രജനി സാറിൻറ്റെ പേട്ട ചെയ്യുന്നതിനാൽ ഈ ചിത്രം കാർത്തിക്ക് മാറ്റിവെച്ചിരുന്നു. ഓഡീഷൻ കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് തുടങ്ങിയത്. വിളിക്കാം എന്ന് പറഞ്ഞ് അവർ വിട്ടപ്പോൾ ഞാൻ കരുതിയത് എന്നെ സ്നേഹപൂർവ്വം ഒഴിവാക്കി എന്നാണ്.
ഇതിനിടെ എൻറ്റെ പഴയ ഫോൺ നമ്പർ മാറി. തുടർച്ചയായി പരിചയമില്ലാത്ത ആരോ എൻറ്റെ പഴയ നമ്പറിൽ എന്നെ വിളിച്ച് കൊണ്ടിരുന്നു. അവസാനം ഒരു ദിവസം കോൾ എടുത്തപ്പോൾ അത് കാർത്തിക്ക് സുബ്ബരാജിൻറ്റെ മാനേജറാണ്. പല തവണ വിളിച്ചിട്ടും എന്നെ കിട്ടാത്തതിനാൽ പുതിയ ഒരാളെ നോക്കാമെന്നവർ തീരുമാനിച്ച സമയമാണ്. ഒരു തവണ കൂടി വിളിച്ചുനോക്കാമെന്ന് പറഞ്ഞപ്പോഴാണ് ഞാൻ എടുത്തത്. അതൊരു ഭാഗ്യമായി. പിന്നീടാണ് ധനൂഷാണ് നായകൻ എന്നറിഞ്ഞത്. ശ്രീലങ്കൻ തമിഴാണ് സിനിമയിൽ സംസാരിച്ചത്. അത് പഠിപ്പിക്കാൻ കൂടെ ഒരാൾ ഉണ്ടായിരുന്നു. അവരിൽ പലരും പറഞ്ഞ ജീവിതാനുഭവങ്ങൾ വേദനിപ്പിക്കുന്നതാണ്. പലരും ലണ്ടനിലും മറ്റുമാണെങ്കിലും അവരുടെ മനസ്സിപ്പോഴും ശ്രീലങ്കയിലാണ്. ശ്രീലങ്കൻ അഭയാർത്ഥികളെ നിയമപരമായി ഇന്ത്യ അംഗീകരിച്ചില്ലെന്ന് അറിഞ്ഞതുപോലും ഈ സിനിമയ്ക്ക് ഇടയിലാണ്. ഇത് വീടും മണ്ണും നഷ്ടപ്പെട്ടവൻറ്റെ വേദന കൂടിയാണ്.
ശ്രീലങ്കൻ തമിഴ് മലയാളവുമായി ചേർന്ന് നിൽക്കുന്നതാണ്. നമ്മൾ മലയാളം സംസാരിക്കുന്നതുപോലെയാണ് അവരും സംസാരിക്കുന്നത്. ഒരു സംഗീതമുള്ള സംസാര രീതിയാണ്. ജഗമേ തന്തിരം തിയ്യേറ്ററുകളിൽ റിലീസ് ചെയ്യാത്തതിൽ സങ്കടമുണ്ടായിരുന്നു. വലിയ സ്ക്രീനിൽ എല്ലാവരും സിനിമ കാണണമെന്ന് ഞാൻ മോഹിച്ചു. ലണ്ടനിലും മറ്റും സീൻ അതീവ മനോഹരമായാണ് ചിത്രീകരിച്ചത്. ക്യാമറാമാനും ക്രൂവും വളരെ കഷ്ടപ്പെട്ടാണ് അതെല്ലാം എടുത്തത്. അത് ഒരു മൊബൈൽ സ്ക്രീനിൽ കാണേണ്ടി വരുമെന്ന് വന്നപ്പോൾ സങ്കടം തോന്നി.”