CINEMA NEWS

ആടുജീവിതത്തിനുവേണ്ടി വീണ്ടും ഇടവേളയെടുക്കാൻ പൃഥിരാജ്; അടുത്ത ഷെഡ്യൂൾ അൾജീരിയയിൽ

പൃഥിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിൻറ്റെ ശ്രദ്ധേയമായ നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ നജീബായാണ് പൃഥിരാജ് വേഷമിടുന്നത്. ജോർദ്ദാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ആടുജിവിതത്തിൻറ്റെ അടുത്ത ഷെഡ്യൂൾ അൾജീരിയയിൽ ആരംഭിക്കുമെന്ന വാർത്തയാണ് ഇപ്പോൾ പൃഥിരാജ് പുറത്ത് വിട്ടിരിക്കുന്നത്.

“ആടുജീവിതത്തിനുവേണ്ടി വീണ്ടും ഡിസംബർ മുതൽ ഞാൻ മുങ്ങും ഒരു മൂന്ന് മാസത്തെ ഇടവേള എടുക്കും. അതിനുശേഷം അൾജീരിയയിൽ ചിത്രീകരണം ആരംഭിക്കും. അവിടെ ഒരു 40 ദിവസത്തെ ഷെഡ്യൂൾ ആണ് ഉള്ളത്. അത് പൂർത്തിയാക്കി ജോർദ്ദാനിലേക്ക് തിരിച്ചെത്തും. ജോർദ്ദാനിലും ഒരു വലിയ ഷെഡ്യൂൾ അവശേഷിക്കുന്നുണ്ട്. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തും”. ഇന്ത്യയിലും ഒരു ചെറിയ ഷെഡ്യൂൾ ചിത്രീകരിക്കാനുണ്ടെന്നും പൃഥിരാജ് വ്യക്തമാക്കി.
ചിത്രത്തിനുവേണ്ടി കഴിഞ്ഞ വർഷം ഏകദേശം 30 കിലോയോളം ശരീരഭാരം പൃഥിരാജ് കുറച്ചിരുന്നു. കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ചിത്രത്തിൻറ്റെ ഷൂട്ടിംങ് നിർത്തിവെച്ചത്. ആടുജീവിതത്തിൻറ്റെ ജോർദ്ദാൻ ഷെഡ്യൂളിൽ പൃഥിരാജും സംഘവും നേരിട്ട പ്രതിസന്ധി സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിൻറ്റെ ഷൂട്ടിംങ് പുനരാരംഭിക്കുമ്പോൾ പൃഥിരാജിന് വീണ്ടും ശാരീരികമായ മേക്കോവർ നടത്തേണ്ടതുണ്ട്.

മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നായ ആടുജീവിതം അതേ പേരിലാണ് ബിഗ് സ്ക്രീനിലെത്തുന്നത്. അമല പോൾ നായികയായി എത്തുന്ന ചിത്രത്തിൽ നിരവധി വിദേശ കലാകാരന്മാരും അണിനിരക്കുന്നുണ്ട്. ഏറേ നാളുകൾക്ക് ശേഷം എ ആർ റഹ്മാൻ ഒരു മലയാള ചിത്രത്തിന് സംഗീത സംവിധാനം ഒരുക്കുന്നു എന്ന പ്രത്യേകതയും ആടുജീവിതത്തിന് ഉണ്ട്. കെ യു മോഹനനാണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിംങും റസൂൽ പൂക്കുട്ടി സൊണ്ട് ഡിസൈനിങും നിർവ്വഹിക്കുന്നു.