CINEMA NEWS

‘തോന്നൽ’ ആദ്യ സംവിധാന സംരഭവുമായി അഹാന കൃഷ്ണ

വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി നടിയാണ് അഹാന കൃഷ്ണകുമാർ. ഇപ്പോഴിതാ നായികയ്ക്ക് പുറമേ സംവിധായകയുടെ വേഷം കൂടി അണിഞ്ഞിരിക്കുകയാണ് അഹാന. തൻറ്റെ ജന്മദിനത്തിൽ അഹാന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം പുറത്ത് വിട്ടത്. തോന്നൽ എന്നാണ് അഹാനയുടെ ആദ്യ ചിത്രത്തിൻറ്റെ പേര്. ഇപ്പോഴിതാ തൻറ്റെ ആദ്യ സംവിധായക സംരഭത്തിൻറ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അഹാന. ‘ആറ് മാസത്തോളമായി ഇത് തൻറ്റെ മനസ്സിലുണ്ടെന്നും ഇപ്പോൾ പാകമായി പുറത്ത് വരുന്നു. താൻ സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകൾ ഇതിനായി ഒത്തുചേർന്നു. ഒക്ടോബർ 30നാണ് തൻറ്റെ ആദ്യ സംവിധായക സംരഭം പുറത്തേക്ക് എത്തുകയെന്നും’ അഹാന വ്യക്തമാക്കി. ദി ട്രൈബ് കൺസെപ്റ്റാണ് തൻറ്റെ ആദ്യ സംരഭം എന്നും അഹാന പറഞ്ഞു.

ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിമിഷ് രവിയാണ് നിർവ്വഹിച്ചിരിക്കുന്നത്. നേരത്തെ അഹാന നായികയായി എത്തിയ ലൂക്ക എന്ന ചിത്രത്തിൻറ്റെയും ഛായാഗ്രഹണം നിമിഷ് രവി തന്നെയാണ് നിർവ്വഹിച്ചിരുന്നത്. ഷർഫുവിൻറ്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസനന്ദയാണ്. ഹനിയ നഫീസയാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നാണ് സൂചന.
രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാള സിനിമയിലേക്ക് കടന്നുവന്നത്. സിനിമയിൽ അഹാന അവതരിപ്പിച്ച അഞ്ജലി എന്ന നായിക കഥാപാത്രം ഏറേ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങി നിരവധി ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നാൻസി റാണി, അടി എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ള അഹാനയുടെ ചിത്രങ്ങൾ.