സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രം ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. 2016ൽ നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ചിത്രത്തിൽ എസ് ഐ ബിജു പൌലോസ് ആയാണ് നിവിൻ പോളി വേഷമിട്ടത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഉടൻ ഉണ്ടാവും എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
നിവിൻ പോളിയുടെ നിർമ്മാണ കമ്പനിയായ പോളി ജൂനിയർ പിക്ചേഴ്സാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. നിവിൻ പോളിയുടെ പുതിയ ചിത്രം മഹാവീര്യരുടെ റിലീസുമായി ബന്ധപ്പെട്ട വാർത്തക്കുറിപ്പിലാണ് ഈ ബാനറിൽ വരാനിരിക്കുന്ന പുതിയ പ്രോജക്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഈ കൂട്ടത്തിൽ ആക്ഷൻ ഹീറോ ബിജു 2വും ഇടം നേടിയിട്ടുണ്ട്. എബ്രിഡ് ഷൈൻ തന്നെയാണ് ആക്ഷൻ ഹീറോ ബിജു 2 സംവിധാനം ചെയ്യുന്നത്. എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചോ അണിയറപ്രവർത്തകരെക്കുറിച്ചോ ഉള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.
അതേസമയം മഹാവീര്യർ, താരം, ശേഖരവർമ്മ രാജാവ്, ഡിയർ സ്റ്റുഡൻറ്റ് തുടങ്ങീ നിരവധി ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ള നിവിൻ പോളി ജൂനിയറിൻറ്റെ ചിത്രങ്ങൾ. മഹാവീര്യറാണ് റിലീസ് കാത്തിരിക്കുന്ന നിവിൻ പോളി ചിത്രം. എബ്രിഡ് ഷൈൻ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൻറ്റെ റിലീസ് ജൂലൈ 22നാണ്. നിവിൻ പോളിയ്ക്ക് പുറമേ ആസിഫ് അലി, ലാൽ, ഷാൻവി ശ്രീവാസ്തവ, ലാലു അലക്സ് തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.