CINEMA NEWS

ഒടിടി റിലീസ് പ്രഖ്യാപിച്ച് സൂര്യ നിർമ്മിക്കുന്ന നാല് ചിത്രങ്ങൾ

ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങി സൂര്യയുടെ നിർമ്മാണക്കമ്പനിയായ 2ഡി എൻറ്റർടൈൻമെൻറ്റ് നിർമ്മിക്കുന്ന 4 ചിത്രങ്ങൾ. ആമസോൺ പ്രൈമിലൂടെയാണ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്. അരിസിൽ മൂർത്തി സംവിധാനം ചെയ്യുന്ന രാമെ ആണ്ടാളും രാവണെ ആണ്ടാളും എന്ന ചിത്രമാണ് ആമസോൺ പ്രൈമിലൂടെ ആദ്യ റിലീസിന് എത്തുന്നത്. സെപ്റ്റംബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കോമഡി ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രമ്യ പാണ്ഡ്യൻ, വാണി ഭോജൻ, മിഥുൻ മാണിക്കം, വടിവേൽ മുരുകൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശശികുമാറിനെയും ജ്യോതികയെയും കേന്ദ്ര കഥാപാത്രമാക്കി ഇറ ശരവണൻ സംവിധാനം ചെയ്യുന്ന ഉടൻപിറപ്പേ എന്ന ചിത്രമാണ് പിന്നീട് റിലീസ് ചെയ്യുന്നത്. ഒക്ടോബറിലാണ് ചിത്രത്തിൻറ്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സമുദ്രക്കനി, സൂരി, കലൈയരശൻ, നിവേദിത സതീഷ്, സിന്ധു തുടങ്ങീ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ജയ് ഭീംമാണ് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്ന അടുത്ത ചിത്രം. ദളിത് മുന്നേറ്റം പ്രമേയമാക്കിയിരിക്കുന്ന ചിത്രത്തിൽ മലയാളി താരം രജീഷ വിജയനാണ് നായിക. അഭിഭാഷകനായാണ് സൂര്യ ചിത്രത്തിൽ വേഷമിടുന്നത്. സൂര്യയുടെ കരിയറിലെ 39-ാമത്തെ ചിത്രമാണ് ജയ് ഭീം. സരോവ് ഷൺമുഖം സംവിധാനം ചെയ്യുന്ന ഓ മൈ ഡോഗാണ് നാലാമത്തെ ചിത്രം. ഡിസംബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

2 ഡി എൻറ്റർടൈൻമെൻറ്റ്സിൻറ്റെ ബാനറിൽ നിർമ്മിച്ച് സൂര്യ നായകനായി എത്തിയ സൂരറൈ പ്രോട് എന്ന ചിത്രവും ജ്യോതിക നായികയായ പൊന്മകൾ വന്താൽ എന്ന ചിത്രവും നേരത്തെ ആമസോൺ പ്രൈമിലൂടെയായിരുന്നു റിലീസ് ചെയ്തത്. പൃഥിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്യുന്ന കുരുതിയാണ് ആമസോണിലൂടെ റിലീസ് ചെയ്യുന്ന അടുത്ത മലയാള ചിത്രം. ഈ മാസം 11നാണ് ചിത്രത്തിൻറ്റെ റിലീസ്.