CINEMA NEWS

വിജയ് സേതുപതി, നിത്യ മേനോൻ, ഇന്ദ്രജിത്ത്: ‘19 വൺ എ’ ടീസർ പുറത്തിറക്കി.

വിജയ് സേതുപതി, നിത്യ മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം 19 വൺ എയുടെ ടീസർ പുറത്തിറക്കി. ഒരു പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. നവാഗതയായ ഇന്ദു വി എസ് ആണ് ചിത്രത്തിൻറ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ആൻറ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻറ്റോ ജോസഫും നീതാ പിൻറ്റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

നടൻ ഇന്ദ്രജിത്ത് സുകുമാരൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, ഭഗത് മാനുവൽ, ദീപക് പറമ്പോൽ, അതുല്യ ആഷാഠം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. മുമ്പ് ജയറാമിനെ നായകനാക്കി സനൽ കളത്തിൽ സംവിധാനം ചെയ്ത മാർക്കോണി മത്തായി എന്ന ചിത്രത്തിൽ വിജയ് അഭിനയിച്ചിരുന്നു. ചിത്രത്തിൽ ഒരു അതിഥി വേഷത്തിലാണ് വിജയ് എത്തിയത്.
ഇന്ത്യൻ കോൺസ്റ്റിറ്റൂഷൻ നിയമത്തിലെ ഫ്രീഡം ഓഫ് എക്സ്പ്രഷൻ എന്ന ഭാഗം വിശദമായി പരാമർശിക്കുന്ന ഭാഗമാണ് ആർട്ടിക്കിൾ 19(1)(എ). ഈ പേരിലിറങ്ങുന്ന ആദ്യ ചിത്രം കൂടിയാണിത്.

തമിഴ് നാട്ടിൽ ജനിച്ച് കേരളത്തിൽ താമസിക്കുന്ന ഒരു എഴുത്തുകാരൻറ്റെ കഥാപാത്രത്തെയാണ് വിജയ് സേതുപതി ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

മനേഷ് മാധവ് ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗോവിന്ദ് വസന്ദ ആണ് ചിത്രത്തിനു സംഗീതം നൽകുന്നത്. എഡിറ്റിംഗ് മനോജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, സൌണ്ട് ഡിസൈൻ എം ആർ രാജകൃഷ്ണൻ, ഡിസൈൻസ് ഓൾഡ് മങ്ക്സ്.